നഗരസഭ കൗൺസിലറുടെ വീട്ടിൽനിന്ന്​ 20 പവനും 25,000 രൂപയും കവർന്നു

കോട്ടയം: നഗരസഭ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. നഗരസഭ ഏഴാം വാർഡ് കൗൺസിലർ കുമാരനല്ലൂർ ശാന്തിഭവനിൽ അഡ്വ. ജ ി. ജയകുമാറിൻെറ വീട്ടിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ് കവർന്നത്. തിങ്കളാഴ്ച രാവിലെ 9.45നും വൈകീട്ട് നാലിനും ഇടക്കാണ് മോഷണം. ഗാന്ധിനഗർ സ്റ്റേഷനിൽനിന്ന് െപാലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വീടിൻെറ പടിഞ്ഞാറുവശത്തെ പഴയ ജനലഴികൾ അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് അപഹരിച്ചത്. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ബന്ധുവിൻെറ വിവാഹത്തിൽ പങ്കെടുക്കാൻ ബാങ്കിൽനിന്ന് എടുത്ത ആഭരണങ്ങൾ തിരികെവെക്കാനിരിക്കെയാണ് മോഷണം പോയത്. മകൻെറ ഫീസിന് അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടമായത്. കുമാരനല്ലൂര്‍ ദേവീവിലാസം സ്‌കൂളിലെ അധ്യാപികയായ ഭാര്യ രാജലക്ഷ്മി രാവിലെ ഒമ്പതരയോടെ ജോലിക്കുപോയിരുന്നു. ഇതിനുപിന്നാലെ ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകനായ ജയകുമാർ രാവിലെ 9.45ന് വീടുപൂട്ടിയാണ് ജോലിക്കുപോയത്. സ്കൂൾ വിട്ട് ഭാര്യ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മറ്റുസാധനങ്ങൾ കവർന്നിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപം നിരവധി വീടുകളുള്ള സ്ഥലത്ത് മോഷണം നടന്നതിനാൽ വ്യക്തമായ സ്ഥലപരിചയമുള്ളവരായിരിക്കാം പിന്നിലെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.