കേന്ദ്രാവിഷ്കൃത പദ്ധതികൾ സർക്കാർ അട്ടിമറിക്കുന്നു -കുമ്മനം

കോന്നി: ആയുഷ്മാൻ ഭാരത് ഉൾപ്പെടെ ജനോപകാരപ്രദമായ കേന്ദ്രപദ്ധതികൾ നാലാംകിട രാഷ്ട്രീയവൈരം മൂലം ഇടതു സർക്കാർ അട്ടിമറിക്കുകയാണെന്ന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻെറ തണ്ണിത്തോട് പഞ്ചായത്ത്‌ പര്യടനം തണ്ണിത്തോട് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയ പദ്ധതികളുടെ ചെലവ് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിങ് നടത്താൻപോലും പിണറായിക്ക് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. കിസാൻ സമ്മാൻ നിധി പദ്ധതിയിലെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ കുറ്റകരമായ വേർതിരിവാണ് സർക്കാർ സ്വീകരിച്ചത്. അർഹരായ ധാരാളം പാവങ്ങളെ രാഷ്ട്രീയ വൈരം മൂലം ഒഴിവാക്കി. ക്ഷേത്രങ്ങൾ പൊളിക്കണമെന്ന് ആഹ്വാനം നടത്തിയിരുന്ന കമ്യൂണിസ്റ്റുകളുടെ മുഖ്യമന്ത്രിക്ക് വിജയദശമി നാളിൽ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുകൊടുക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലി സുരേന്ദ്രനെ സ്വീകരിക്കാൻ എത്തിയിരുന്നു. ബി.ജെ.പി തണ്ണിത്തോട് പഞ്ചായത്ത്‌ പ്രസിഡൻറ് പി.ഡി. ശശിധരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് ചന്ദ്രൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് വി.എ. സൂരജ്, റാന്നി മണ്ഡലം പ്രസിഡൻറ് അഡ്വ. ഷൈൻ ജി. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർഥി കെ. സുരേന്ദ്രൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.