മീറ്ററിട്ട്​ ഓടുമോ? സംശയം തീരുന്നില്ല

കോട്ടയം: നഗരത്തിലോടുന്ന ഓട്ടോകൾ മീറ്ററിട്ട് ഓടുമോ? നിരക്ക് തർക്കങ്ങൾക്ക് പരിഹാരം കാണുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് യാത്രക്കാർ. നാലുദിവസത്തെ പണിമുടക്കിനൊടുവിൽ മീറ്റർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഏകീകൃതനിരക്ക് കിട്ടുമെന്ന ആശ്വാസത്തിലാണ് ജനം. മോട്ടോർ വാഹനവകുപ്പിൻെറ പരിശോധനയിൽനിന്ന് തൽക്കാലം രക്ഷതേടാൻ മീറ്റർ ഘടിപ്പിക്കുമെങ്കിലും നിരക്കുമായി ബന്ധപ്പെട്ട തർക്കം ഉടലെടുക്കാൻ സാധ്യതയുണ്ട്. കുറേക്കഴിയുേമ്പാൾ എല്ലാം പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ് ഒരുവിഭാഗം ഓട്ടോക്കാർ. വാടകക്ക് എടുത്ത് ഓടുന്നതിനാൽ മീറ്റർ നിരക്ക് മുതലാകില്ലെന്നാണ് ഇവരുടെ പരാതി. ഇതിനൊപ്പം ദിവസവും മാറിമറിയുന്ന പെട്രോൾവിലയും വരുമാനത്തെ ബാധിക്കുമെന്ന് ഇവർ പറയുന്നു. എന്നാൽ, ഓട്ടോകളിൽ മീറ്റർ പ്രവർത്തിക്കുക നിയമമാണ്. അത് നടപ്പാക്കാനാണ് തൊഴിലാളി യൂനിയനുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ജില്ല ഭരണകൂടം. പരിഭവം മറച്ചുവെക്കാതെ ഓട്ടോ തൊഴിലാളികൾ കോട്ടയം: നാലുദിവസത്തെ പണിമുടക്കിനൊടുവിൽ ഓട്ടോകളിൽ മീറ്റർ ഘടിപ്പിക്കാൻ ധാരണയെത്തിയെങ്കിലും നഷ്ടക്കണക്കിൻെറ പരിഭവം ഒരുവിഭാഗം ഓട്ടോക്കാർ മറച്ചുവെച്ചില്ല. പുതിയ തീരുമാനം എത്രനാൾ നടപ്പാക്കുമെന്ന മറുേചാദ്യവും ഇക്കൂട്ടർ ഉന്നയിച്ചു. നല്ലൊരു വിഭാഗം തൊഴിലാളികളും ഓട്ടോ ഓടിച്ച് വരുമാനം കണ്ടെത്തുന്നവരാണ്. 'നല്ലവരായ ഓട്ടോക്കാരെപ്പോലും ചിലരുടെ പ്രവൃത്തിയിലൂടെ മോശമാക്കി ചിത്രീകരിക്കുകയാണ്. ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന കോട്ടയത്ത് മീറ്റര്‍ പ്രായോഗികമല്ല. കോട്ടയം നഗരത്തിൻെറ സ്ഥലപരിമിതിയാണ് പ്രധാനതടസ്സം. പെട്രോൾചാർജ് വർധനയടക്കം കണക്കിലെടുക്കാതെ മീറ്റര്‍ നിര്‍ബന്ധമാക്കുന്ന ഉദ്യോഗസ്ഥരടക്കമുള്ളവർ ഒരുപ്രാവശ്യം ഓട്ടോയില്‍ യാത്ര ചെയ്താല്‍ തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാകും' -അവർ പറയുന്നു. ടൗണ്‍ പെര്‍മിറ്റിന് അപേക്ഷ ക്ഷണിക്കും കോട്ടയം: കോട്ടയത്ത് മീറ്റർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ടൗണ്‍ പെര്‍മിറ്റിന് വീണ്ടും അപേക്ഷ ക്ഷണിക്കാൻ തീരുമാനം. തിങ്കളാഴ്ച കലക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവില്‍ ടൗൺ പെർമിറ്റുള്ളത് 1400ലധികം ഓട്ടോകള്‍ക്കാണ്. എന്നാല്‍, ഇതില്‍ പകുതിയിലധികം ഓട്ടോകളും സര്‍വിസ് നടത്തുന്നില്ല. ചിലത് കാലഹരണപ്പെട്ടപ്പോൾ മറ്റുള്ളവ വിറ്റതും പെർമിറ്റ് കുറച്ചു. ഇതോടെ, സമീപ പഞ്ചായത്തുകളിലെ ഓട്ടോകളാണ് നഗരത്തിൽ സർവിസ് നടത്തുന്നത്. ഓട്ടോകളുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം നിയമപരമായി അംഗീകാരം നൽകാനുമാണ് പുതിയ പെർമിറ്റുകൾ നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.