കോട്ടയം: നാലുദിവസത്തെ സമരത്തിനൊടുവിൽ കോട്ടയത്തെ ഓട്ടോകൾ ഇനി മീറ്ററിട്ട് ഓടും. ജില്ല ഭരണകൂടത്തിൻെറ കർക്കശ നിലപാടിൽ തൊഴിലാളികൾ പതറിയതോടെയാണ് ഉപാധികൾക്ക് മുന്നിൽ കീഴടങ്ങിയത്. തിങ്കളാഴ്ച കലക്ടറുടെ ചേംബറിൽ ജില്ല കലക്ടർ പി.കെ. സുധീർ ബാബുവുമായി നടന്ന രണ്ടാംവട്ട ചർച്ചയിലാണ് തൊഴിലാളി യൂനിയൻ പ്രതിനിധികൾ മീറ്റർ പ്രവർത്തിപ്പിച്ച് സർവിസ് നടത്താമെന്ന് സമ്മതിച്ചത്. ഇതോടെ, നഗരത്തിലെ ഓട്ടോകൾക്ക് മീറ്റര്‍ വേണമെന്ന യാത്രക്കാരുടെ പതിറ്റാണ്ടുകളായ ആവശ്യത്തിനും അംഗീകാരമായി. യാത്രക്കാർ ഓട്ടോയിൽ കയറിയാലുടൻ മീറ്ററുകൾ പ്രവർത്തിപ്പിക്കണം. ഒന്നര കിലോമീറ്റർ ദൂരത്തിനു മിനിമം ചാര്‍ജായ 25 രൂപ നിരക്കില്‍ ഓടും. നഗരത്തിലെ ഓട്ടോക്കാർക്കുണ്ടാകുന്ന അധികനഷ്ടം നികത്താൻ മിനിമം ചാർജായ 25 രൂപ ഒഴിവാക്കി ബാക്കിവരുന്ന തുകയുടെ 50 ശതമാനം ഈടാക്കാമെന്ന നിർദേശം തൊഴിലാളി പ്രതിനിധികൾ മുന്നോട്ടുവെച്ചു. എന്നാൽ, ഇക്കാര്യം സർക്കാറിൻെറ പരിഗണനക്ക് വിടാൻ തീരുമാനിച്ചു. സർക്കാറിൽനിന്ന് തീരുമാനുണ്ടായാൽ നടപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റിട്ടേണ്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍നിന്ന് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ബാക്കി തുകയുടെ പകുതിയും വാങ്ങാം. നഗരപരിധി നിര്‍ണയിക്കാൻ സര്‍ക്കാർ അനുമതിക്കായി ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. നിലവില്‍, പഴയ പഞ്ചായത്തുകളായ കുമാരനല്ലൂര്‍, നാട്ടകം പ്രദേശങ്ങളിലെ ഓട്ടോകളെ നഗരപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നഗര പെര്‍മിറ്റില്ലാത്ത ഓട്ടോകൾ നഗരത്തില്‍നിന്ന് യാത്രക്കാരെ കയറ്റിയാൽ കർശന നടപടിയുണ്ടാകും. മീറ്റർ ഘടിപ്പിക്കുേമ്പാൾ ഒരേസ്ഥലത്തേക്ക് ഈടാക്കാവുന്ന നിരക്കിൻെറ പ്രത്യേകപട്ടികയും നൽകിയിട്ടുണ്ട്. ഈ നിർദേശവും വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ അംഗീകരിച്ചു. നഗരത്തിലെ ഓട്ടോയാത്രക്ക് അമിതനിരക്ക് ഈടാക്കുന്നത് പുറത്തുനിന്നുള്ള ഡ്രൈവർമാരാണെന്ന് കലക്ടറോട് നേതാക്കൾ പറഞ്ഞു. ജില്ല പൊലീസ് മേധാവി പി.എസ്. സാബു, ഡെപ്യൂട്ടി കലക്ടർ അലക്സ് ജോസഫ്, ആര്‍.ടി.ഒ വി.എം. ചാക്കോ, തൊഴിലാളി യൂനിയനുകളുടെ പ്രതിനിധികളായ എം.പി. സന്തോഷ്കുമാര്‍, ഫിലിപ്പ് ജോസഫ്, പി.ജെ. വര്‍ഗീസ്, സുനില്‍ തോമസ്, സാബു പുതുപ്പറമ്പില്‍, പി.എസ്. തങ്കച്ചന്‍, എ.ജെ. തോമസ്, ടി.എം. നളിനാക്ഷന്‍, ജോഷി ജോസഫ്, ടോണി തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.