യു.ഡി.എഫിനോട്​​ ജോസഫ്​--- പാലായിൽ നീതി കാണിക്കാത്തവരെ കൂടെ ചേർക്കരുത്​

തൊടുപുഴ: പാലായിലും പാർട്ടിയിലും നീതി കാണിക്കാത്തവരെ തൻെറ നിലപാടിനൊപ്പം ചേർത്തുവെക്കാൻ പറ്റില്ലെന്ന് പി.ജെ . ജോസഫ്. പാലായിെല പരാജയം കേരള കോൺഗ്രസിലെ തമ്മിലടിയെന്നുപറഞ്ഞ് ലഘൂകരിക്കാൻ യു.ഡി.എഫ് നേതൃത്വത്തെ അനുവദിക്കില്ല. പാർട്ടിയിലെ തൻെറ സമവായ നിലപാടുകളെ കരുണയില്ലാതെ പിച്ചിച്ചീന്തിയ ജോസ്, തെരഞ്ഞെടുപ്പ് സമയത്ത് ചിഹ്നത്തിൻെറ കാര്യത്തിലടക്കം സത്യസന്ധമല്ലാത്തതും ഒളിച്ചുകളിക്കുന്നതുമായ നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. കേരള കോൺഗ്രസിലെ തമ്മിലടിയാണ് പരാജയകാരണമെന്ന മുന്നണി നേതാക്കളുടെ വിലയിരുത്തൽ ശരിയല്ല. തന്നെയും ജോസ് കെ.മാണിയെയും ഒരേ ത്രാസിൽ തൂക്കുന്നതും അംഗീകരിക്കില്ല. കണക്കെടുത്ത് നീതി നടപ്പാക്കണം. കുറ്റം ചെയ്തവർക്കാകണം ശിക്ഷ കിട്ടേണ്ടത്. അതുണ്ടായില്ലെങ്കിൽ എന്തെന്ന് അപ്പോൾ പറയാം- ജോസഫ് മനസ്സുതുറന്നു. ജയസാധ്യതയില്ലാത്ത സ്ഥാനാർഥിയാണ് ജോസ് ടോം എന്ന് യു.ഡി.എഫ് നേതൃത്വെത്ത മുൻകൂട്ടി ധരിപ്പിച്ചതാണ്. എന്നാൽ, ജോസ് കെ.മാണിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു കോൺഗ്രസ്. പാലായിലെ തോൽവി പഠിക്കാൻ തയാറായാൽ യഥാർത്ഥ പ്രതിയെ കിട്ടും. അതിനുശേഷമാകാം ചർച്ച. ജോസ്ടോമിൻെറ നാക്കും ജോസ് കെ.മാണിയുടെ ധിക്കാരവും വിനയായെന്നാണ് തൻെറ വാദം. ജോസ് കെ.മാണിയുടെ പക്വതയില്ലാത്ത രാഷ്ട്രീയ നിലപാടിന് നിന്നുകൊടുത്തതാണ് കേരള കോൺഗ്രസിനും യു.ഡി.എഫിനും നഷ്ടം വരുത്തിയത്. കെ.എം. മാണി കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന സീറ്റാണ് പിടിവാശിയിലൂടെ ജോസ് തകർത്തത്. തോൽവിയിൽ കേരള കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്ന നിലപാട് യാഥാർഥ്യബോധത്തോടെയാണ് ഉന്നയിക്കുന്നത്. കോട്ടയം ജില്ല പഞ്ചായത്തിൻെറ കാര്യത്തിലും പാലാ ചർച്ചക്കുവന്നപ്പോഴും ജനം ആരുടെ കൂടെയാണെന്ന് ചിലർക്ക് സംശയമുണ്ടായി. ആരാണ് കുഴപ്പം കാണിച്ചതെന്നും ജനം ആർക്കൊപ്പമെന്നും പഠിച്ചശേഷമേ ചർച്ചക്ക് ഇനി പ്രസക്തിയുള്ളൂ. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കും. ചിഹ്നത്തിൻെറ പ്രാധാന്യം മനസ്സിലാക്കാതെയാണ് ജോസും കൂട്ടരും മുന്നോട്ടുപോയത്. ജോസിൻെറ രാഷ്ട്രീയ വിവരദോഷം പിടികിട്ടാതിരുന്നതാണ് പാലായിൽ മുന്നണിക്ക് സംഭവിച്ചത്. ഇതൊന്നും സംജാതമായ ഉപതെരഞ്ഞെടുപ്പുകളെ ബാധിക്കുന്നതല്ലെന്നും ജോസഫ് വിശദീകരിച്ചു. ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തും പോളിങ് കുറഞ്ഞ ചരിത്രമില്ല. എന്നാൽ, പാലായിൽ കെ.എം. മാണി മത്സരിച്ചിരുന്നതിനെക്കാൾ ആറുശതമാനം വോട്ട് കുറഞ്ഞു. എം.എൽ.എമാരായ റോഷി അഗസ്റ്റിനും വി.എൻ. ജയരാജിനും അടക്കം പാർട്ടിയിലേക്ക് തിരിച്ചുവരാം. റോഷി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴോ പിന്നീടോ മിണ്ടാത്തത് ചൂണ്ടിക്കാട്ടിയ ജോസഫ്, ചിഹ്നത്തിൻെറ പ്രധാന്യമടക്കം അവർക്കറിയാമെന്നും പ്രതികരിച്ചു. ജോസ് കെ.മാണിക്കും പാർട്ടിയിലേക്ക് വരാമെങ്കിലും നിലപാടുമാറ്റുകയും ധാർഷ്ട്യം ഉപേക്ഷിക്കുകയും വേണം. രാഷ്ട്രീയത്തിൽ ഒന്നിനോടും നോ പറയാൻ കഴിയില്ലെന്നും ജോസഫ് പറഞ്ഞു. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.