ഉപതെരഞ്ഞെടുപ്പ്​: കേരള കോൺഗ്രസിലെ തർക്കം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിൽ യു.ഡി.എഫ്​

കോട്ടയം: പാലായിൽ ഇടതുമുന്നണിയും ബി.ജെ.പിയും പ്രചാരണത്തിൽ ബഹുദൂരം മുന്നിലായിട്ടും കേരള കോൺഗ്രസിലെ തർക്കങ്ങ ൾ അനുദിനം വഷളാവുന്നത് യു.ഡി.എഫിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിൽ നേതാക്കൾ. പ്രശ്ന പരിഹാരത്തിനുള്ള എല്ലാ ഒത്തുതീർപ്പ് നീക്കങ്ങളും കാറ്റിൽപറത്തി ഇരു കേരള കോൺഗ്രസും മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇനി എന്ത് എന്ന ആശങ്കയും നേതാക്കൾ തള്ളുന്നില്ല. കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ഭീതിയും നേതാക്കൾക്കുണ്ട്. യു.ഡി.എഫിന് ദോഷംചെയ്യുന്ന തരത്തിൽ പി.ജെ. ജോസഫ് തുടരുന്ന വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളിൽ യു.ഡി.എഫിലെ സീനിയർ നേതാക്കളും കടുത്ത അതൃപ്തിയിലാണ്. ഏറ്റവും ഒടുവിൽ ഒന്നിച്ചുള്ള പ്രചാരണത്തിനില്ലെന്ന ജോസഫിൻെറ പ്രഖ്യാപനത്തിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതൃപ്തി പരസ്യമാക്കിയതും കാര്യങ്ങൾ യു.ഡി.എഫ് ഗൗരവമായി കാണുന്നുവെന്നതിൻെറ സൂചനയാണ്. പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഏകോപനത്തിനായി രൂപവത്കരിച്ച യു.ഡി.എഫ് ഉപസമിതിയെപ്പോലും നോക്കുകുത്തിയാക്കി ഇരു കേരള കോൺഗ്രസും മുന്നോട്ടുപോകുന്നതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഉപസമിതിയിൽ ഘടകകക്ഷി നേതാക്കളാണ് അംഗങ്ങൾ. കഴിഞ്ഞ ദിവസവും ഒന്നിച്ചുനിൽക്കേണ്ടതിൻെറ ആവശ്യകത നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. യു.ഡി.എഫ് കൺെവൻഷനിൽ പി.ജെ. ജോസഫിനെ ജോസ് പക്ഷം കൂക്കിവിളിച്ചതിനെച്ചൊല്ലി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും പാർട്ടി മുഖപത്രത്തിൽ ജോസഫിനെ അപമാനിച്ച് കഴിഞ്ഞദിവസം വന്ന ലേഖനമാണ് കാര്യങ്ങൾ വീണ്ടും വഷളാക്കിയത്. പാലാ മണ്ഡലത്തിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ചിലർ ഇപ്പോൾ ജോസഫ് പക്ഷത്തായതും അതിൻെറ പേരിൽ പ്രചാരണരംഗത്തുനിന്ന് ജോസ് വിഭാഗം അവരെ അകറ്റിനിർത്തുന്നതും ചേരിപ്പോര് രൂക്ഷമാകാൻ കാരണമായി. അവർ കുളംകലക്കി മീൻ പിടിക്കുകയാണെന്ന് ജോസ് പക്ഷം ആരോപിക്കുന്നു. ഇക്കാര്യം യു.ഡി.എഫ് നേതാക്കൾ ജോസഫ് പക്ഷത്തെ അറിയിച്ചെങ്കിലും ഏറ്റുമുട്ടൽ അനുദിനം ശക്തമാവുകയാണ്. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ യു.ഡി.എഫ് ശ്രമം തുടരുന്നുമുണ്ട്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി ശനിയാഴ്ച പാലായിെലത്തി ഇരുവിഭാഗവുമായി ചർച്ചചെയ്തിരുന്നു. എന്നാൽ, വെടിനിർത്തലിന് ഇരുവരും തയാറായിട്ടില്ല. സീനിയർ നേതാക്കളുടെ ഇടപെടലാണ് ജോസഫ് പക്ഷം ആഗ്രഹിക്കുന്നതെന്നും വ്യക്തം. സി.എ.എം കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.