രാജാക്കാട്ട് ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന

രാജാക്കാട്: സർക്കാറിൻെറ സേഫ് കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് രാജാക്കാട്ടെ ഹോട്ടലുകളിൽ പരിശോധന നടത്തി . രാജാക്കാട് കമ്യൂണിറ്റി ഹെൽത്ത് സൻെറർ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറി, ബോർമ, മീറ്റ് സ്റ്റാൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. വൃത്തി ഹീനമായ സാഹചര്യങ്ങൾ, പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ തുടങ്ങിയവ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കുടിവെള്ളത്തിൻെറ ഗുണനിലവാരം ഉറപ്പുവരുത്താനും ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർക്ക് കാർഡ് എടുക്കാനുമുള്ള ക്രമീകരണവും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധനയും നടത്തി. രാജാക്കാട്‌ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. പ്ലസൻ ജോയിയുടെ നിർദേശപ്രകാരം ഹെൽത്ത് സൂപ്പർവൈസർ കെ.ജെ. സെബാസ്റ്റ്യൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ ലിൻസൺ ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രവീന്ദ്രൻ, ഷിൽജ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. തുടർദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വൈദ്യുതി സുരക്ഷ ബോധവത്‌കരണ ക്ലാസ്‌ കട്ടപ്പന: കെ.എസ്.ഇ.ബി കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈദ്യുതി സുരക്ഷ ബോധവത്‌കരണ ക്ലാസ്‌ നടത്തും. രാവിലെ പത്തിന് മുനിസിപ്പാലിറ്റി കോൺഫറൻസ്‌ ഹാളിൽ നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്‌ഘാടനം ചെയ്യും. വൈദ്യുതി മേഖലയിൽ പണിയെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തി എങ്ങനെ ജോലികൾ ചെയ്യാമെന്നതിനെ സംബന്ധിച്ചാണ്‌ ക്ലാസ്‌. പരിശീലന പരിപാടിയിൽ വയറിങ്‌, നിർമാണം, വർക്ഷോപ്, തുടങ്ങി വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിച്ച്‌ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളും സൂപ്പർവൈസർമാരും കോൺട്രാക്‌ടർമാരും പങ്കെടുക്കണമെന്ന്‌ അധികൃതർ അറിയിച്ചു. ഓണാഘോഷം: ഹരിതചട്ടം പാലിക്കണമെന്ന് കലക്ടര്‍ തൊടുപുഴ: സ്‌കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍. പായസവും മറ്റും വിതരണം ചെയ്യുന്നതിന് ഡിസ്‌പോസബിള്‍ (പേപ്പര്‍ പ്ലേറ്റുകളും പേപ്പര്‍ കപ്പുകളും അടക്കം) ഉപയോഗിക്കരുത്. അലങ്കാരത്തിനായി പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണം. സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും കൊടുത്തുവിടാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചാല്‍ മാലിന്യത്തിൻെറ തോത് വന്‍തോതില്‍ കുറക്കാനാകുമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.