തമിഴ്നാട് ഉപമുഖ്യമന്ത്രി ഇന്ന് തേക്കടിയിൽ: മുല്ലപ്പെരിയാർ ജലം ഔദ്യോഗികമായി തുറന്നുവിടും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് ഔദ്യോഗികമായി ജലം തുറന്നുവിടാൻ തമിഴ്നാട് ഉപമുഖ്യ മന്ത്രി ഒ. പന്നീർ സെൽവം വ്യാഴാഴ്ച തേക്കടിയിലെത്തും. അണക്കെട്ടിലെ ജലനിരപ്പ് കുറവായിരുന്നതിനാൽ രണ്ടു മാസം വൈകിയാണ് മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിടുന്നത്. അണക്കെട്ടിൽ ഇപ്പോൾ 128.25 അടി ജലമാണുള്ളത്. സെക്കൻഡിൽ 1361 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1625 ഘന അടി ജലം അനൗദ്യോഗികമായി തുറന്നുവിട്ടിട്ടുണ്ട്. വ്യാഴാഴ്ച തേക്കടി ഷട്ടർ തുറന്ന് ഔദ്യോഗികമായി ജലം ഒഴുക്കുന്നതോടെ കമ്പം മേഖലയിലെ 14,707 ഏക്കർ സ്ഥലത്ത് ആദ്യവട്ട നെൽകൃഷിക്ക് തുടക്കമാകും. ഉപമുഖ്യമന്ത്രിക്കൊപ്പം തേനി കലക്ടർ പല്ലവി പൽദേവും തേക്കടിയിലെത്തും. പതിവായി ജൂൺ ആദ്യവാരത്തിലാണ് മുല്ലപ്പെരിയാർ ജലം തുറന്നുവിടുന്നത്. ഇപ്രാവശ്യം മഴ വൈകിയതിനാൽ ജൂൺ ആദ്യവാരം 114 അടി മാത്രമായിരുന്നു ജലനിരപ്പ്. ഇതിനൊപ്പം മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽനിന്ന് ജലം തുറന്നുവിടും. 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ 52.95 അടി ജലമാണുള്ളത്. ഇവിടേക്ക് സെക്കൻഡിൽ 1219 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. വൈഗയിൽനിന്ന് ജലം തുറന്നുവിടുന്നതോടെ മധുര, തേനി ജില്ലകളിലെ 45,000 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.