പാലായിലെ സ്ഥാനാർഥി: ഞായറാഴ്​ച കോട്ടയത്ത്​ യു.ഡി.എഫ്​ നേതാക്കളുടെ സാന്നിധ്യത്തിൽ തീരുമാനം

കോട്ടയം: പാലായിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിലെ ഇരുവിഭാഗവും വ്യക്തമായ നിലപാടിൽ എത്താ ത്ത സാഹചര്യത്തിൽ ജോസ് കെ.മാണിയെയും പി.ജെ. േജാസഫിനെയും ഒന്നിച്ചിരുത്തി ഞായറാഴ്ച യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും. അന്നുതന്നെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടായേക്കും. കോട്ടയത്ത് നടക്കുന്ന ചർച്ചയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരുവിഭാഗത്തിനും അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താനാണ് ശ്രമം. ജോസ് കെ.മാണി വിഭാഗത്തിനൊപ്പം നിൽക്കുന്ന ഇ.ജെ. ആസ്തിയടക്കം പലരും പരിഗണനയിലുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർഥിയാകണം മത്സരിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫ്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും ആഗസ്തിയുടെ സ്ഥാനാർഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന. സ്ഥാനാർഥിക്കായി ജോസഫ് വിഭാഗം തുടർച്ചയായി ചർച്ച നടത്തുന്നുണ്ടെങ്കിലും ജോസ് വിഭാഗം നിലപാടിൽ അയവുവരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. മാണി വിഭാഗം സ്ഥാനാർഥിയെ സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവിടുന്നില്ല. എന്നാൽ, നിഷ ജോസ് കെ.മാണിയെ‍ സ്ഥാനാർഥിയാക്കാന്‍ സാധിക്കില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ.മാണിക്കും സീറ്റ് നൽകില്ലെന്ന് അവർ പറയുന്നു. ഇക്കാര്യം യു.ഡി.എഫ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് േജാസഫ് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. അവർ സ്ഥാനാർഥിയുടെ പേര് പറയട്ടെ, അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കും യോഗ്യരായ സ്ഥാനാർഥികളുണ്ട്. അത് യു.ഡി.എഫ് നേതാക്കളെ അറിയിക്കും. കഴിഞ്ഞദിവസം കോട്ടയത്ത് ചേര്‍ന്ന ഗ്രൂപ് യോഗത്തില്‍ ജോസഫ് വിഭാഗം ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഇ.ജെ. അഗസ്തിയുടെ പേരും ചർച്ചചെയ്തിരുന്നു. ഐകകണ്ഠ്യേന തീരുമാനം വേണമെന്നാണ് യു.ഡി.എഫ് നിർദേശം. അങ്ങനെ വന്നാല്‍ യു.ഡി.എഫിന് വലിയ വെല്ലുവിളി ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. യു.ഡി.എഫിനും കേരള കോൺഗ്രസിനും ദോഷംവരുന്ന ഒരു തീരുമാനവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഇരുപക്ഷവും പറയുന്നു. സ്ഥാനാർഥി പ്രഖ്യാപനം വൈകിെല്ലന്ന് ജോസ് കെ.മാണി വ്യക്തമാക്കി. സ്ഥാനാർഥി ആരായാലും പി.ജെ. ജോസഫ് പ്രഖ്യാപിക്കുമെന്നും മോൻസ് അറിയിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സര്‍വസജ്ജമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ യു.ഡി.എഫ് രാപകൽ സമരം മൂന്നിന് പാലായിൽ നടത്തും. പാലാ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി വ്യാഴാഴ്ച പാലായിൽ ചേരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.