ഗാഡ്​ഗിൽ: മനസ്സുമാറാതെ പശ്ചിമഘട്ടം; തൊടില്ല സർക്കാറും

തൊടുപുഴ: പ്രളയം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ നിർദേശിച്ച ശിപാർശകളും ചർച്ചയാകണമെന്ന വാദം സർക്കാർതലത്തിൽ പരിഗണിച്ചേക്കില്ലെന്ന് സൂചന. മാറിയ സാഹചര്യത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കണമെന്ന നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടുണ്ടെങ്കിലും ഇതിനും മേലെ രാഷ്ട്രീയ താൽപര്യങ്ങൾ കണക്കിലെടുക്കേണ്ടി വരുന്നതിനാലാണിത്. വി.എസ്. അച്യുതാനന്ദൻെറ അനുകൂല നിലപാടല്ല സി.പി.മ്മിനും എൽ.ഡി.എഫ് സർക്കാറിനും. യു.ഡി.എഫ് നിലപാടും സമാനം. ഒരിഞ്ചു കൃഷിസ്ഥലം പോലും പരിസ്ഥിതി ദുർബല മേഖലയിൽ (ഇ.എസ്.എ) ഉൾപ്പെടാതിരിക്കുകയെന്നത് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. പരിസ്ഥിതിവിരുദ്ധ നിലപാടിൻെറ പേരിൽ ഒരു പാർലമൻെറ് അംഗത്തെ തന്നെ നേരേത്ത സംഭാവന ചെയ്ത ഇടുക്കിയിലെയടക്കം ജനങ്ങൾക്കൊപ്പം നിൽക്കാതെ തരമില്ല സി.പി.എമ്മിന്. വോട്ടു നഷ്ടം സംഭവിക്കുമെന്ന ഭീതിയും പാർട്ടിയെയും സർക്കാറിനെയും അലട്ടുന്നു. ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗാഡ്ഗിൽ നിർദേശങ്ങളും ചർച്ച ചെയ്യേണ്ടതാണെന്ന് എങ്ങുംതൊടാതെ പറയുേമ്പാഴും ഇതിന് വിരുദ്ധമാണ് യു.ഡി.എഫിൻെറയും കോൺഗ്രസ് പാർട്ടിയുടെ തന്നെയും പ്രാദേശിക നിലപാട്. ഗാഡ്ഗിൽ-കസ്തൂരി രംഗൻ ശിപാർശകൾ നടപ്പാക്കരുതെന്ന നിലപാടുമായി മുഖ്യ ബാധിത മേഖലയായ ഇടുക്കിയിൽനിന്ന് കോൺഗ്രസ് നേതാക്കളും എം.പിയും തന്നെ രംഗത്തെത്തി കഴിഞ്ഞു. ഗാഡ്ഗിലിനെ പിന്തുണച്ചതിൻെറ പേരിൽ പാർട്ടി പാർലമൻെറ് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട പി.ടി. തോമസ് എം.എൽ.എക്ക് മാത്രമാണ് വ്യത്യസ്ത അഭിപ്രായം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ സ്വീകരിച്ച നടപടികളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനത്തിന് കളമൊരുങ്ങാൻ കാരണമെന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുകാല അവകാശവാദം. വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്നാണ് ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ ഇടതുപിന്തുണയോടെ പോരാടിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കുറ്റപ്പെടുത്തൽ. ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജും ഗാഡ്ഗിലിനെ തള്ളി രംഗത്തെത്തി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണമെന്നത് സ്ഥാപിത താല്‍പര്യമെന്നും പ്രകൃതി സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും മാര്‍ഗങ്ങളുണ്ടെന്നുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലിൻെറ പ്രതികരണം. ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച മറികടക്കാൻ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടി‍ൻെറ അന്തിമവിജ്ഞാപനത്തിനായി ശ്രമിക്കണമെന്ന വികാരം ഉയർത്തിക്കൊണ്ടുവരുന്നതിന് സമ്മർദം ചെലുത്തുന്നതിനാണ് മത-സാമുദായിക-രാഷ്ട്രീയകക്ഷികളുടെ ശ്രമം. ഗാഡ്ഗിൽ റിപ്പോർട്ട് ഉയർത്തിക്കൊണ്ടുവന്നാൽ നേരിടാൻ വിവിധ സംഘടനകൾ അണിയറ നീക്കവും ആരംഭിച്ചു. അതേസമയം, രാഷ്ട്രീയ പാർട്ടികൾ നിലപാട് മാറ്റാത്തിടത്തോളം ഗാഡ്ഗിൽ വിഷയത്തിൽ പുനർവിചിന്തനം അസാധ്യമാണ്. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.