പ്രളയ ദുരിതാശ്വാസ നിധിക്കെതിരെ പോസ്​റ്റ്​; സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് ജാമ്യം

ഏറ്റുമാനൂർ: പ്രളയ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് വിവാദത്തിലായ ക്ഷേത്രം തന്ത്രി കോടതിയിൽ കീഴടങ്ങി. തുടർന്ന് കോടതി ജാമ്യം നൽകി. നട്ടാശ്ശേരി സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിനെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയതോടെ അദ്ദേഹം ചൊവ്വാഴ്ച ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയും ജാമ്യാപേക്ഷ നൽകുകയുമായിരുന്നു. ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 'ഒരു രൂപ പോലും കൊടുക്കരുത് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്' എന്നായിരുന്നു സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് ഏറെ ചർച്ചയായിരുന്നു. വിമർശനം രൂക്ഷമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സൂചിപ്പിച്ചായിരുന്നില്ല പോസ്റ്റെന്നും പ്രാദേശികമായി പിരിവ് നടത്തുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പറഞ്ഞു. തൻെറ പോസ്റ്റിനെതിരെ ജനരോഷം ഉയർന്നപ്പോൾ ഇതേ പേജിൽ മാപ്പ് ചോദിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. പിന്നീട് അക്കൗണ്ടും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.