ജില്ലയിലും കുടുംബശ്രീയുടെ സ്വന്തം ചിക്കൻ വരുന്നു

കോട്ടയം: ജില്ലയിലും കുടുംബശ്രീയുടെ സ്വന്തം ചിക്കൻ തയാറെടുക്കുന്നു. എട്ട് പഞ്ചായത്തിൽ 21 ഫാമുകളിൽ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിൽ കോഴിവളർത്തൽ തുടങ്ങി. 15 ഫാമുകൾകൂടി ഉടൻ പ്രവർത്തനസജ്ജമാകും. സുരക്ഷിതമായ കോഴിയിറച്ചി ജനങ്ങളിലെത്തിക്കാനാണ് 'കേരളാ ചിക്കൻ' എന്ന കുടുംബശ്രീ പദ്ധതിക്ക് തുടക്കമിട്ടത്. വിലവർധന തടയാനും ലക്ഷ്യമിടുന്നു. 15 പഞ്ചായത്തുകളിൽ ഫാം തയാറാക്കി കാത്തിരിക്കുകയാണ് കുടുംബശ്രീ യൂനിറ്റുകൾ. ടി.വി പുരം, തലനാട്, മീനച്ചിൽ, കുമരകം, തിടനാട്, വാഴൂർ, മീനടം, പൂഞ്ഞാർ തെക്കേക്കര എന്നീ എട്ട് പഞ്ചായത്തുകളിലാണ് കോഴിവളർത്തൽ ആരംഭിച്ചത്. രണ്ടുമാസത്തിനകം ഇവിടെനിന്നുള്ള കോഴിയിറച്ചി വിപണിയിൽ എത്തിക്കാനാകുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. ജില്ലയിൽ 44 പഞ്ചായത്തുകളിൽ കോഴിവളർത്തൽ യൂനിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ എട്ടു സ്ഥലങ്ങളിൽ കുഞ്ഞുങ്ങളെ വളർത്തും. 15 പഞ്ചായത്തുകളിൽ കുഞ്ഞുങ്ങളെ ലഭിച്ചാലുടൻ വളർത്താൻ കാത്തിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. നിലവിൽ തമിഴ്നാട്ടിൽനിന്നുള്ള സ്വകാര്യ കമ്പനികൾ കുഞ്ഞുങ്ങളെ വളർത്താൻ കിലോക്ക് ആറു രൂപയാണ് കമീഷൻ നൽകുന്നത്. എന്നാൽ, കുടുംബശ്രീ 13 രൂപ കമീഷൻ നൽകും. കമ്പനികൾ നൽകുന്നതു പോലെ കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ സൗജന്യമായി ഫാമുകളിൽ എത്തിച്ചുനൽകും. 1000 കോഴിയെ വളർത്തുന്ന ഒരു യൂനിറ്റിന് ഒരുലക്ഷം രൂപ വായ്പയും നൽകും. നാലു ശതമാനമാണ് പലിശ. ഒരുവർഷത്തിനകം തിരിച്ചടക്കേണ്ട രീതിയിലാണ് വായ്പ നൽകുന്നത്. ഇത്തരത്തിൽ ജില്ലയിൽ 21 യൂനിറ്റുകൾക്ക് നിലവിൽ സാമ്പത്തികസഹായം നൽകി. വളർത്താനുള്ള കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കുടുംബശ്രീ േബ്രായിലർ ഫാർമേഴ്സ് കമ്പനിയിലൂടെ യൂനിറ്റുകൾക്കു നേരിട്ടു നൽകും. സുരക്ഷ, ഗുണമേന്മ, ഇൻഷുറൻസ് എന്നിവ കുടുംബശ്രീ മിഷൻ ഉറപ്പാക്കും. കുടുംബശ്രീ ചിക്കൻ സംസ്ഥാന വ്യാപകമായി ഓണക്കാലത്ത് എത്തിക്കാനാണ് നീക്കം. നിലവിൽ തമിഴ്നാട് ലോബിയാണ് കോഴിയിറച്ചി വില നിശ്ചയിക്കുന്നത്. ഇതിന് തടയിടാനാണ് കുടുംബശ്രീയുടെ ശ്രമം. നേരേത്ത, ജില്ലയിലെ കോഴി കർഷകരിൽ ഭൂരിഭാഗവും നഷ്ടത്തെത്തുടർന്നു പിൻവാങ്ങിയിരുന്നു. ഇത് മുതലെടുത്ത് തമിഴ്നാട് ലോബി വില ഉയർത്തുന്നത് പതിവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.