യൂത്ത്​ ലീഗ്​ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം; പൊലീസിന​​ുനേരെ ചീമുട്ടയേറ്​, ലാത്തിച്ചാർജിൽ മൂന്നുപേർക്ക്​ പരിക്ക്​

കോട്ടയം: പി.എസ്.സി കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ എസ്.എഫ്.ഐക്കാർ കടന്നുകയറിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട് ട് യൂത്ത് ലീഗ് കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനുനേരെ ചീമുട്ടയേറ്. ലാത്തിച്ചാർജിൽ മൂന്നു പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിൽ. സംഘർഷത്തിനിടെ ഹൃദയാഘാതമുണ്ടായ യൂത്ത് ലീഗ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീർ ചേനപ്പാടിയെ (32) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഷിഹാബ് കാട്ടാമല, അനീഷ് തലയോലപ്പറമ്പ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലക്ക് പരിക്കേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അനീഷിനെ പൊലീസ് നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പരാതിയുണ്ട്. വെള്ളിയാഴ്ച രാവിലെ 10.30ന് ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഗ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ, പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളി അകത്തേക്ക് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പ്രവർത്തകർ ചീമുട്ടയെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. ചിതറിയോടിയ പ്രവർത്തകർ വീണ്ടും ഒത്തുചേർന്നതോടെ പൊലീസുമായി വാക്കേറ്റവും ബഹളവുമുണ്ടായി. ഉദ്ഘാടകനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് പൊലീസുമായി സംസാരിച്ചാണ് സംഘർഷത്തിന് അയവുവരുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.എ. മാഹീൻ, വൈസ് പ്രസിഡൻറ് ഷമീർ വളയംകണ്ടം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എച്ച്. ലത്തീഫ്, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് തലനാട്, നിസാർ തലയോലപ്പറമ്പ്, യഹിയാ സലിം, അനീഷ് തലയോലപ്പറമ്പ്, ഷിഹാബ് കാട്ടാമല, നവാസ്, റമീസ് മുളന്താനം എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. തോക്കും ലാത്തിയും ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നീക്കം വിവേകപൂർവമല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷെബീർ ഷാജഹാൻ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.എ. മാഹിൻ, ജനറൽ സെക്രട്ടറി അജി കൊറ്റമ്പടം, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി റെഫീഖ് മണിമല, എം.എസ്.എഫ് ജില്ല പ്രസിഡൻറ് ബിലാൽ റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.