മെഡിക്കൽ കോളജിൽ അത്യാധുനിക സൗകര്യമുള്ള ബഗി കാറുകൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അത്യാധുനിക സൗകര്യമുള്ള രണ്ട് ബഗി കാറുകളെത്തി. ഇതിലൊന്ന് സ്ട്രെച്ചറും യു.വ ി സ്റ്റാൻഡും ഉൾപ്പെടെ ആംബുലൻസ് സൗകര്യങ്ങളോടുകൂടിയതാണ്. രോഗികളുടെ സഹായികൾക്ക് ഉൾപ്പെടെ യാത്ര ചെയ്യാൻ കഴിയുന്ന ഇതിൽ ഡ്രൈവറുടേത് ഉൾപ്പെടെ നാലു സീറ്റാണുള്ളത്. രണ്ടാമത്തെ ബഗി കാറിൽ ആറ് സീറ്റും ഉണ്ട്. ഇതിൽ സ്ട്രെച്ചർ സൗകര്യമില്ല. എളമരം കരീം എം.പിയുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ബഗി കാറുകൾ വാങ്ങിയത്. അത്യാഹിത വിഭാഗത്തിലെത്തുന്ന ഹൃദ്രോഗികൾക്കാകും സേവനം ലഭിക്കുക. ഇപ്പോൾ രോഗികളെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിൽനിന്ന് ലിഫ്റ്റ് വഴി ഹൃദ്രോഗ വിഭാഗത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നത് രോഗികളുടെ നില വഷളാകുന്നതിന് കാരണമാകുന്നുണ്ട്. ലിഫ്റ്റ് കേടാവുകയോ മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ രോഗിയെ യഥാസമയം കാർഡിയോളജി വിഭാഗത്തിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ബഗി കാറുകൾ (വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുവാഹനം) വരുന്നതോടുകൂടി ഇതിന് പരിഹാരമാവുകയാണ്. അത്യാഹിത വിഭാഗത്തിൽനിന്ന് റോഡുമാർഗം രോഗികളെ നേരിട്ട് ഹൃദ്രോഗ വിഭാഗത്തിൽ എത്തിക്കാൻ ഇതോടെ വേഗത്തിൽ കഴിയും. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റൂട്ട്സ് എന്ന കമ്പനിയാണ് വാഹനത്തിൻെറ വിതരണക്കാർ. ആറര മണിക്കൂർ ബാറ്ററി ചാർജ് ചെയ്താൽ 60 കിലോമീറ്റർ വരെ ഓടുന്നതാണ് ഈ വാഹനങ്ങൾ. മൂന്നു മാസത്തിലൊരിക്കൽ കമ്പനിയുടെ പ്രതിനിധി എത്തി കാറിൻെറ പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.