മൂവാറ്റുപുഴ-പുനലൂർ പാത അടുത്തഘട്ടം കരാറായി

കോട്ടയം: ലോകനിലവാരത്തിൽ നവീകരിക്കുന്ന മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയുടെ അടുത്തഘട്ടമായ പൊൻകുന്നം-പുനലൂർ വരെ റീച്ചിൽ പ്ലാച്ചേരി-കോന്നി ഭാഗത്തിൻെറ നിർമാണ കരാർ പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചറിന് ലഭിച്ചു. നടപടി പൂർത്തിയാക്കി നിർമാണം ഉടൻ തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ മുതൽ പൊൻകുന്നംവരെ നിർമാണം നേരേത്ത പൂർത്തിയാക്കിയതും ഇ.കെ.കെ ഗ്രൂപ്പായിരുന്നു. ശേഷിക്കുന്ന റീച്ചിൽ പുനലൂർ മുതൽ കോന്നിവരെ ശ്രീധന്യ ഗ്രൂപ്പിനും കരാർ ഉറപ്പിക്കും. അവസാന റീച്ചിൻെറ കരാറിൽ അന്തിമ തീരുമാനമായില്ല. രണ്ട് കമ്പനി മാത്രമാണ് നിലവിൽ ടെൻഡറിൽ പങ്കെടുക്കുന്നത്. കോന്നി-പ്ലാേച്ചരി റീച്ച് 274.24 കോടിക്കാണ് കരാർ നൽകിയിരിക്കുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. രണ്ടുഭാഗത്തിൻെറയും കരാർ ലോകബാങ്ക് അധികൃതർ പരിശോധിച്ചാണ് കരാറുകാരനെ തീരുമാനിച്ചത്. പുനലൂർ-കോന്നി 29.84 കിലോമീറ്ററും കോന്നി-പ്ലാച്ചേരി 22.17 കിലോമീറ്ററും പ്ലാച്ചേരി-പൊൻകുന്നം 22.17കിലോമീറ്ററുമാണ് ദൈർഘ്യം. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് മൂന്ന് റീച്ചായി കരാർ നൽകുന്നത്. മൂന്ന് റീച്ചിലും ഒരേസമയം നിർമാണം നടത്താനാണ് നിർദേശം. മറ്റ് രണ്ട് റീച്ചിന് 226.61 കോടിയും 236.79 കോടിയുമാണ് നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. രണ്ടുവർഷമാണ് നിർമാണ കാലാവധിയെങ്കിലും മൂന്നുറീച്ചും ഒരേസമയം നിർമാണം ആരംഭിച്ചാൽ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് കെ.എസ്.ടി.പിയുടെ പ്രതീക്ഷ. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തണമെന്ന സർക്കാർ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ കർശന വ്യവസ്ഥകളോടെയാണ് കരാർ ഉറപ്പിച്ചിട്ടുള്ളത്. നിലവിൽ പൂനലൂർ-പൊൻകുന്നംപാത പലയിടത്തും തകർന്ന നിലയിലാണ്. കേരള-തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ്-പുനലൂർ വഴി നിരവധി വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ പ്രധാന റൂട്ടും ഇതാണ്. പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട(കുമ്പഴ)-റാന്നി-പ്ലച്ചേരി-മണിമല-ചിറക്കടവ് വഴിയാണ് പാത പൊൻകുന്നം ടൗണിൽ എത്തുന്നത്. പൊൻകുന്നം-പാലാ-തൊടുപുഴ-മൂവാറ്റുപുഴ ഭാഗത്തിൻെറ നിർമാണമാണ് നേരത്തേ പൂർത്തിയാക്കിയത്. പ്ലാച്ചേരിയിൽനിന്ന് ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ എരുമേലിയിലും എത്തും. കോട്ടയം-കുമളി റോഡിൽ പ്രവേശിക്കാനുള്ള എളുപ്പവഴിയും ഇതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.