തോരാമഴ: എരുമേലിയുടെ കിഴക്കൻ മേഖല ഒറ്റപ്പെടൽ ഭീതിയിൽ

എരുമേലി: മഴ കനത്തതോടെ എരുമേലിയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ. മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ പമ്പ, അഴുത, മണിമലയാറുകള്‍ കരകവിഞ്ഞു. ഇതോടെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന കോസ്വേകൾ വെള്ളത്തിനടിയിലാകുമോയെന്ന ആശങ്കയിലാണ് ജനം. ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആറിന് കുറുകെയുള്ള മൂക്കംപെട്ടി, എയ്ഞ്ചല്‍വാലി, ഇടകടത്തി കോസ്‌വേകളില്‍ തൊട്ടുരുമിയാണ് വെള്ളമൊഴുക്ക്. പ്രദേശവാസികളുടെ പ്രധാന യാത്രാമാര്‍ഗമാണ് കോസ്‌വേകൾ. കോസ്വേയിൽ വെള്ളം കയറിയാൽ എയ്ഞ്ചൽവാലി, എഴുകുമൺ, മൂലക്കയം, അറയാഞ്ഞിലിമൺ പ്രദേശങ്ങൾ ഒറ്റപ്പെടും. ഒരു പ്രളയത്തിൻെറ കെടുതി അനുഭവിച്ചറിഞ്ഞ എരുമേലിയുടെ മലയോര നിവാസികൾ മഴ കനത്തതോടെ ജോലിക്കും പോകാതെയായി. കോസ്വേകൾ മൂടപ്പെട്ടാൽ തിരികെ വീട്ടിലെത്താൻ കഴിയാതെ വരുമോയെന്ന ആശങ്കയാണ് കാരണം. ആറിനോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ഉറക്കവും നഷ്ടപ്പെട്ടു. മാസപൂജക്കായി ശബരിമല നട തുറന്നതിനാൽ പമ്പ പാതയിൽ തീർഥാടക തിരക്കുണ്ടെങ്കിലും മഴ യാത്രക്ക് തടസ്സമായിട്ടില്ല. കഴിഞ്ഞ പ്രളയത്തിൻെറ കെടുതികളെ അറയാഞ്ഞിലിമണ്‍ ഗ്രാമം ഇപ്പോഴും അതിജീവിച്ചിട്ടില്ല. പമ്പയാറിൻെറ കരയില്‍ കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിവിടം. ഒരുവശം പമ്പയാറും മറുഭാഗം റാന്നി റിസര്‍വ് വനഭാഗവുമാണ്. അറയാഞ്ഞിലിമണ്‍-ഇടകടത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോസ്‌വേയാണ് പുറംലോകത്തേക്കുള്ള ഗ്രാമവാസികളുടെ ഏക മാർഗം. കോസ്വേക്ക് സമീപം തൂക്കുപാലമുള്ളതായിരുന്നു ഗ്രാമവാസികളുടെ ആശ്വാസം. എന്നാല്‍, കഴിഞ്ഞ പ്രളയകാലത്ത് തൂക്കുപാലം ഒലിച്ചുപോയി. ഇത് പുനര്‍നിര്‍മിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.