അത്തിക്കയം-മടന്തമണ്‍ റോഡ്​ നിർമാണത്തില്‍ അപാകതയെന്ന് പരാതി

വടശേരിക്കര: രണ്ടു കോടിയോളം രൂപ ചെലവിട്ട അത്തിക്കയം-മടന്തമൺ റോഡ് നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ ്പെട്ട് മന്ത്രിക്ക് പരാതി. സ്ഥലവാസിയും പൊതുപ്രവർത്തകനുമായ അനിൽ അത്തിക്കയമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി നൽകിയത്. കിഴക്കൻ മലയോര പ്രദേശങ്ങളുടെ വികസനം ലക്ഷ്യമാക്കി അടുത്തിടെ അറുവച്ചാംകുഴി-ഐത്തല റോഡ് ദേശീയപാത നിലവാരത്തിൽ നിർമിച്ചിരുന്നു. ഇതിൻെറ ഭാഗമായാണ് അത്തിക്കയം മുതൽ മടന്തമൺവരെ രണ്ടു കിലോമീറ്റർ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ്ങിന് 1.90 കോടി അനുവദിച്ചത്. അത്തിക്കയം-വെച്ചൂച്ചിറ റോഡിൻെറ ഭാഗമാണിത്. എന്നാൽ, പണിയിൽ നിരവധി അപാകതയുള്ളതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. പഴയ ടാറിങ് ഇളക്കിയാണ് ഇത്തരം ടാറിങ് നടത്തേണ്ടതെങ്കിലും പകുതിയോളം ഭാഗത്തും അതുണ്ടായിട്ടില്ല. പലയിടത്തും പഴയതിൻെറ ഉപരിതലത്തിലാണ് ടാറിങ് നടത്തിയത്. ദേശീയ നിലവാരത്തിലുള്ള കനമോ എസ്റ്റിമേറ്റിൽ പറയുന്ന വീതിയോ പലയിടത്തുമില്ല. അപകടകരമായ വളവുകൾ നിവർത്തിയിട്ടില്ലെന്നും വശത്തെ കട്ടിങ് നിലനിൽക്കുന്നതിനാൽ ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ പറയുന്നു. മടന്തമൺ കവലയോടു ചേർന്ന് അരിക് ഇടിഞ്ഞിരിക്കുകയാണ്. ഇവിടെ വാഹനങ്ങൾ വശത്തേക്കൊതുക്കിയാൽ അപകടത്തിൽപെടും. പാറ ഉൽപന്നങ്ങളുമായി ടിപ്പറുകൾ അമിത വേഗത്തിലോടുന്ന പാതയാണിത്. അവക്കു മുന്നിൽപെടാതെ ഇരുചക്രവാഹനങ്ങൾ വശത്തേക്ക് ഒതുക്കുമ്പോൾ കട്ടിങ് കുഴികളിൽ ചാടുന്നു. തലനാരിഴക്കാണ് അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. കട്ടിങ്ങും വീതിക്കുറവും മൂലം പാഞ്ഞുവരുന്ന വാഹനങ്ങളിൽനിന്ന് രക്ഷപ്പെടാൻ കാൽനടക്കാർ ഓടിമാറേണ്ട സാഹചര്യമാണ്. റോഡിൻെറ ശേഷിക്കുന്ന പണി ഉടൻ പൂർത്തിയാക്കണമെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.