മുഖ്യമന്ത്രി പറഞ്ഞ ഭൂമി കിട്ടിയില്ല; ആദിവാസി കുടുംബങ്ങൾ കുടിൽകെട്ടി സമരത്തിന്​

തൊടുപുഴ: പെരിഞ്ചാംകുട്ടിയിൽ ഭൂമി നൽകാത്തതിൽ പ്രതിഷേധിച്ച് ആദിവാസി ഭൂസംരക്ഷണ സമിതി നേതൃത്വത്തിൽ വീണ്ടും കുടി ൽകെട്ടി സമരത്തിന്. 159 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർവീതം ഭൂമി കൊടുക്കാൻ 2017ൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു. ഇവ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റവന്യൂ ഭൂമിയാണെന്നും ആദിവാസികൾക്ക് നൽകുന്നതിൽ തടസ്സമില്ലെന്നുമായിരുന്നു മുമ്പ് സർക്കാറിൻെറ നിലപാട്. എന്നാൽ, ഇപ്പോൾ കേന്ദ്രവനം വകുപ്പിൻെറ അനുമതിക്കായി കത്ത് അയച്ചിരിക്കുകയാണ്. കേരളത്തിലെ റവന്യൂ-വനം മന്ത്രിമാർ അറിയാതെയാണ് ഈ നീക്കം നടന്നതെന്ന് അവർ പറയുന്നു. എന്നാൽ, ഇതുമൂലം ദുരിതത്തിലായത് 159 കുടുംബങ്ങളാണ്. ഇതിൽ ദുരൂഹതയുണ്ട്. 2002 ഫെബ്രുവരിയിൽ യു.ഡി.എഫ് സർക്കാർ പെരിഞ്ചാംകുട്ടി റവന്യൂ തരിശുഭൂമിയിൽ കുടിയേറി വീടുകൾെവച്ചവരെ ഒഴിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2012 ഒക്‌ടോബർ ഒന്നുമുതൽ ആദിവാസി ഭൂസംരക്ഷണ സമിതി നേതൃത്വത്തിൽ ഇടുക്കി കലക്ടറേറ്റ് പടിക്കൽ കുടിൽകെട്ടി അനിശ്ചിതകാല ഭൂസമരം നടത്തി. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂമി തരാമെന്ന് സി.പി.എമ്മും സി.പി.ഐയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭരണത്തിലേറി ഇത്ര നാൾ പിന്നിട്ടിട്ടും തങ്ങളെ അവഗണിക്കുകയാണ്. ഇതിനാലാണ് സമരം ശക്തമാക്കുന്നതെന്നും അവർ പറഞ്ഞു. കൺവീനർ ബാബു അറയ്ക്കൽ, സെക്രട്ടറി കെ.എം. എലിസബത്ത്, ജോയൻറ് സെക്രട്ടറി പി.ആർ. സതീശൻ, കമ്മിറ്റി അംഗങ്ങളായ ജോണി തേരയിൽ, ലിസി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സസ്പെൻഡ് ചെയ്തിട്ട് തിരികെയെടുത്തില്ല; കുത്തിയിരിപ്പ് സമരം നടത്തി നെടുങ്കണ്ടം: സ്ഥിരം ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് ഒരു മാസം ആയിട്ടും തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് തൂക്കുപാലം അപ്കോസിന് മുന്നിൽ ജീവനക്കാരൻെറ കുടുംബാംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. വർഷങ്ങളായി അപ്കോസിൽ ജോലിചെയ്തുവന്ന മനോജ് കുമാർ എന്നയാളെയാണ് ഭരണസമിതി സസ്പെൻഡ് ചെയ്തത്. എന്നാൽ, ഭരണസമിതി അറിയാതെയും തീരുമാനം എടുക്കാതെയുമാണ് മനോജിനെ സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ചാണ് മനോജിൻെറ മാതാവും ഭാര്യയും രണ്ടു മക്കളും അപ്കോസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എട്ടുവർഷം താൽക്കാലിക ജോലി ചെയ്ത താൻ കഴിഞ്ഞ 13 വർഷമായി സംഘത്തിലെ സ്ഥിരം ജീവനക്കാരനാണെന്നും സസ്പെൻഷൻ ചെയ്തിട്ടും അന്വേഷണം നടത്താൻ ഭരണസമിതി തയാറാകുന്നില്ലെന്നും മനോജ്കുമാർ പറഞ്ഞു. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്ന ഉറപ്പിൻമേൽ രാവിലെ പത്തിന് ആരംഭിച്ച കുത്തിയിരിപ്പ് സമരം കുടുംബാംഗങ്ങൾ അവസാനിപ്പിച്ചു. എന്നാൽ, പ്രസിഡൻറിനെ കൈയേറ്റം ചെയ്യുകയും കാബിൻ ചവിട്ടിപ്പൊളിച്ച് മിനിറ്റ്സ് ബുക്ക് കൈവശപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതിനെത്തുടർന്നാണ് മനോജ്കുമാറിനെ സസ്പെൻഡ് ചെയ്തതെന്ന് പ്രസിഡൻറ് ജോമോൻ ജേക്കബും ഭരണസമിതി അംഗങ്ങളും പറഞ്ഞു. ജീവനക്കാരൻെറ ഇത്തരത്തിലുള്ള നടപടി ഭരണസമിതി ചർച്ച ചെയ്താണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.