എസ്​.പിക്കെതിരെ സംശയമുന; പരാതികളിൽ രഹസ്യാന്വേഷണത്തിന്​ നിർദേശം

തൊടുപുഴ: കസ്റ്റഡി മരണ ആരോപണവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെട്ട ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെതിരെ പ ലപ്പോഴായി ഉയർന്നുവന്ന ആരോപണങ്ങളിലും പരാതികളിലും വിശദാംശം ശേഖരിച്ച് ഇൻറലിജൻസ്. സംശയനിഴലിലായ ഉദ്യോഗസ്ഥെനതിരെ പാർട്ടിക്ക് വഴങ്ങി നടപടി ലളിതമാക്കിയ മുഖ്യമന്ത്രി, എസ്.പിയുടെ മുൻകാല നടപടികളിലും വിവരങ്ങൾ തേടിയതിനെ തുടർന്നാണിതെന്നാണ് സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ അനധികൃത കസ്റ്റഡി മർദനം സംബന്ധിച്ച് എസ്.പിക്ക് മനസ്സറിവുണ്ടായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലുമാണ് മറ്റ് ആരോപണങ്ങളിൽ അനൗദ്യോഗിക വിവര ശേഖരണം. തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചത് താൻ അറിഞ്ഞില്ലെന്ന നിലയിൽ എസ്.പി നിലപാടെടുക്കുകയും കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രംഗത്തുവരുകയും ചെയ്തതടക്കം നടപടി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ഉണ്ടാകരുതാത്തതാണ്. ഇൗ നിലപാട് ജില്ല പൊലീസ് മേധാവിയുടെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥൻെറ കഴിവുകേടും വിശ്വാസ്യതക്കു മങ്ങലേൽപിക്കുന്നതുമായെന്നും ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നു. ഇതേ തുടർന്നാണ് ഇടുക്കിയുടെ ചുമതലയിലായിരിക്കെ ക്രമവിരുദ്ധമായും സേനയുടെ അന്തസ്സിന് നിരക്കാത്ത വിധവും ഇടപെടലും നടപടികളുമുണ്ടായിട്ടുണ്ടെന്ന പ്രാഥമിക നിഗമനം കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ്, എസ്.പിയുടെ 'സ്ക്രീനിങ് റിപ്പോർട്ട്' രഹസ്യമായി തയാറാക്കുന്നത്. ഔദ്യോഗിക അന്വേഷണം വേണ്ടതില്ലെന്ന സർക്കാർ താൽപര്യം പരിഗണിച്ചാണ് വിവരശേഖരണം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനെ ഏൽപിച്ചത്. പാർട്ടി വിശ്വസ്തനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കണമെന്ന സി.പി.എം ജില്ല നേതൃത്വത്തിന് നിലപാടുള്ളതിനാലുമാണിത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന റിപ്പോർട്ട് കിട്ടിയാൽ സംശയനിഴലിലായ ഉദ്യോഗസ്ഥനെതിരെ കർശന നടപടിയുണ്ടായേക്കും. ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും വേണ്ടെന്ന മന്ത്രി എം.എം. മണിയുടെ ഇടപെടൽ തള്ളേണ്ടിവന്നെങ്കിലും നാമമാത്ര സ്ഥലംമാറ്റം മാത്രമാക്കി ചുരുക്കുകയായിരുന്നു ആഭ്യന്തരവകുപ്പ്. ഇതാകട്ടെ സ്വന്തം ജില്ലയിൽ ഭീകരവിരുദ്ധ സ്ക്വാഡിൻെറ തലവനാക്കുന്നതിലാണ് കലാശിച്ചത്. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് വെള്ളപൂശുന്ന റിപ്പോർട്ടുണ്ടാക്കി എസ്.പിയെ രക്ഷിക്കുന്നതിനാണോ പരാതികളിൽ കണ്ണടച്ചെന്ന വിഷയം പിന്നീട് ഉയർന്നുവരാതിരിക്കാനാണോ അന്വേഷണമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും മറ്റ് ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ തൽക്കാലം എസ്.പിയെ വെറുതെവിടാനായേക്കും. അന്തിമ ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശക്തമായ പരാമർശങ്ങൾ ഉൾപ്പെടുന്നില്ലെങ്കിൽ മാത്രമാകുമിത്. ഇതിന് മുന്നോടിയായി കൂടിയാണ് മറ്റ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.