പി.സി. ജോർജിന്​ വീണ്ടും തിരിച്ചടി; പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്​ അംഗം ജനപക്ഷം വിട്ടു

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ, ജനപക്ഷത്തിന് തിരിച്ചടിയായി ഗ്രാമ പഞ്ചായത്ത് അംഗം പാർട്ടി വിട്ടു. 14ാം വാര്‍ഡായ കടുപ്പാറയില്‍നിന്നുള്ള നിര്‍മല മോഹനാണ് ജനപക്ഷം വിട്ടതായി വ്യക്തമാക്കിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം കേരള കോണ്‍ഗ്രസ് സെക്കുലറുമായും പിന്നീട് കേരള ജനപക്ഷവുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുകയായിരുന്നുവെന്നും എന്നാൽ, ജനപക്ഷത്തി‍ൻെറ നിലവിലെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കാനാവാത്തതിനാല്‍ പാർട്ടി ബന്ധം അവസാനിപ്പിക്കുന്നുവെന്നും നിര്‍മല മോഹന്‍ വാര്‍ത്തക്കുറിപ്പിൽ വ്യക്തമാക്കി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ ജനപക്ഷത്തിന് പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിെക്കയാണ് നിര്‍മല മോഹന്‍ ജനപക്ഷം വിട്ടതായി പരസ്യമായി പ്രഖ്യാപിച്ചത്. എൽ.ഡി.എഫില്‍ തുടരുമെന്ന് അറിയിച്ച നിര്‍മല മോഹൻ, പ്രസിഡൻറ് സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്. നിർമല മോഹൻ ജനപക്ഷം വിട്ടതോടെ 14 അംഗ പഞ്ചായത്ത് സമിതിയിൽ ജനപക്ഷ അംഗങ്ങളുടെ എണ്ണം അഞ്ചായി. എൽ.ഡി.എഫ് ആറ്, യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. നിർമല മോഹൻ പാർട്ടി വിട്ടതോടെ ജനപക്ഷം സ്ഥാനാർഥി പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ വിജയിക്കുകയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം തിടനാട് പഞ്ചായത്തില്‍ പ്രസിഡൻറ് ഉൾപ്പെടെ രണ്ട് അംഗങ്ങള്‍ ജനപക്ഷം വിട്ടിരുന്നു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ ജനപക്ഷത്തിൻെറയും കോണ്‍ഗ്രസിൻെറയും പിന്തുണയോടെ പ്രസിഡൻറായ സ്വതന്ത്ര അംഗം പ്രസാദ് തോമസും ജനപക്ഷവുമായുള്ള സഹകരണം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.