സപ്ലൈകോ ഉൽപന്നങ്ങള്‍ റേഷന്‍ കടകളിലും ലഭ്യമാക്കും -മന്ത്രി പി. തിലോത്തമന്‍

കോട്ടയം: സപ്ലൈകോ ഉൽപന്നങ്ങൾ റേഷൻ കടകളിലും ലഭ്യമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ. സപ്ലൈകോയുടെ കുപ്പിവെള്ളം റേഷൻ കടകളിലൂടെ ലിറ്ററിന് 11 രൂപ നിരക്കിൽ വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം താഴത്തങ്ങാടിയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന നടത്തിയ ഇടപെടൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയാൻ സഹായകമായി. സംസ്ഥാനത്ത് പൊതുവിതരണ മേഖല കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. ക്രമക്കേടുകൾക്ക് ഇടയില്ലാത്തവിധം സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതിൻെറ തുടർച്ചയായി റേഷൻകടയിലെ ത്രാസ് ഇ-പോസ് യന്ത്രവുമായി ബന്ധിപ്പിക്കും. സംസ്ഥാനത്ത് 22 ഗ്രാമപഞ്ചായത്തുകളില്‍കൂടി സപ്ലൈകോ വില്‍പനശാലകൾ തുറക്കാനുണ്ട്. തദ്ദേശ സ്ഥാപന സഹകരണത്തോടെ ഇതിന് നടപടി സ്വീകരിക്കും. ഗൃഹോപകരണങ്ങള്‍ ഇപ്പോള്‍ 45 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുന്നുണ്ട്. മീനും ഇറച്ചിയും പാലും ഉള്‍പ്പെടെ സപ്ലൈകോ സൂപ്പർ മാര്‍ക്കറ്റുകളിലൂടെ വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹൻ ആദ്യ വില്‍പന നിര്‍വഹിച്ചു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് അംഗം തല്‍ഹത്ത് അയ്യന്‍കോയിക്കൽ, വിവിധ പാര്‍ട്ടി പ്രതിനിധികളായ സി.കെ. ശശിധരൻ, പി.കെ. ആനന്ദക്കുട്ടൻ, കുഞ്ഞുമോന്‍ കെ. മേത്തർ, സപ്ലൈകോ മേഖല മാനേജര്‍ പി.എന്‍. ഇന്ദിരാദേവി, താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.ബി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.