ആവേശപ്പോരാട്ടത്തിൽ ഇന്ന്​​ കൊട്ടിക്കലാശം

തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് വഴിമാറും കോട്ടയം: ഒരുമാസത്തിലേറെ നീണ്ട പരസ്യപ്രചാരണത്തിന് വിരാമമിട്ട് ഞായറാഴ്ച കൊട്ടിക്കലാശം. വൈകീട്ട് ആറിന് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നിർദേശം. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ കൊട്ടികലാശ പരിപാടികൾ ലോക്സഭ ആസ്ഥാനമായ കോട്ടയം കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. യു.ഡി.എഫ് നിയോജക മണ്ഡലം, പ്രാദേശിക അടിസ്ഥാനത്തിൽ ഉച്ചക്ക് 2.30ന് കൊട്ടിക്കലാശപ്രകടനം ആരംഭിക്കും. മൂന്നുമുതല്‍ എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ ചാണ്ടി, സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ് ഷോയുമുണ്ടാകും. എൽ.ഡി.എഫിൻെറ പരസ്യപ്രചാരണം അവസാനിപ്പിക്കുന്ന കലാശക്കൊട്ട് വൈകീട്ട് നാല് മുതൽ കോട്ടയം സെൻട്രൽ ജങ‌്ഷനിൽ നടക്കും. ഇടതുസ്ഥാനാർഥി വി.എൻ. വാസവനുവേണ്ടി നടത്തുന്ന പ്രചാരണത്തിന് വിവിധ രാഷ‌്ട്രീയപാർട്ടി നേതാക്കളും പ്രവർത്തകരും അണിനിരക്കും. ഇതിനൊപ്പം മണ്ഡലം, പഞ്ചായത്ത‌്, ബൂത്ത‌ുതലങ്ങളിലും പ്രകടനമുണ്ടാകും. എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസും അവസാന പ്രചാരണത്തിന് കോട്ടയത്തെത്തും. വൈകീട്ട് മൂന്ന് മുതൽ തിരുനക്കര ഗാന്ധി സ്ക്വയർ കേന്ദ്രീകരിച്ചാവും പ്രകടനവും വാദ്യഘോഷവും നടക്കുക. ആവനാഴിയിലെ തന്ത്രങ്ങളും അടവുകളുമെല്ലാം പയറ്റിയ മുന്നണികൾ മണ്ഡലത്തിൽ നിറഞ്ഞുനിന്നാണ് പ്രചാരണത്തിൽ മുന്നേറിയത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ വിവാദമുയർന്നതോടെ പ്രചാരണം അൽപം വൈകിയെങ്കിലും പിന്നീട് മുന്നേറാൻ തോമസ് ചാഴികാടന് കഴിഞ്ഞിട്ടുണ്ട്. കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണിയുടെ വേർപാട് ഗുണകരമാകുമെന്നാണ് യു.ഡി.എഫിൻെറ വിലയിരുത്തൽ. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണപരാജയവും അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവന്‍ പ്രചാരണത്തിൽ ഏറെ മുന്നേറിയിട്ടുണ്ട്. കോട്ടയത്ത് അട്ടിമറി വിജയംനേടുമെന്നാണ് സി.പി.എമ്മിനെ വിലയിരുത്തൽ. സ്വീകരണ സ്ഥലങ്ങളിലെ ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന ഉറച്ചവിശ്വാസത്തിലാണ് മുന്നണി. ബൂത്തുതലത്തിൽ പാർട്ടി ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ കോട്ടയം, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ മൂൻതൂക്കമുണ്ട്. സ്ഥാനാര്‍ഥിയാകുമെന്ന് നേരേത്ത ഉറപ്പിച്ചെങ്കിലും പ്രചാരണരംഗത്ത് അൽപം വൈകിയാണ് എൻ.ഡി.എ സ്ഥാനാര്‍ഥി പി.സി. തോമസ് ഇറങ്ങിയത്. എന്നാൽ, അവസാനറൗണ്ടില്‍ ഒപ്പമെത്താൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിലെ വ്യക്തിപരിചയവും മുൻപരിചയവും തുണയാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.