ഓട്ടോ തടഞ്ഞുനിർത്തി വീട്ടമ്മയുടെ മുഖത്ത്​ സ്​പ്രേ ചെയ്​ത്​ മോഷണശ്രമം

ചെങ്ങന്നൂർ: രോഗിയുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി വീട്ടമ്മയുടെ മുഖത്ത് സ്പ്രേ ചെയ്ത് മോഷണശ്രമം. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ അമ്മയും മകളും രക്ഷപ്പെട്ടു. തിരുവൻവണ്ടൂർ ഇരമല്ലിക്കര തോണ്ടുതറയിൽ വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ജയലക്ഷ്മിയും മകൾ ദേവികയുമാണ് അക്രമികളിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ജയലക്ഷ്മിക്ക് കലശലായ ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് വീടിന് സമീപത്തെ ഓട്ടോ വിളിച്ച് മകളെയും ജ്യേഷ്ഠസഹോദരനെയും കൂട്ടി തിരുവല്ലയിലെ ഗവ. ആശുപത്രിയിൽ പോയി തിരികെ വരുമ്പോൾ വെൺപാല ചക്രശാലക്കടവിനടുത്തായിരുന്നു സംഭവം. പുലർച്ച ഒന്നോടെ പാലത്തിന് സമീപം വണ്ടി എത്തിയപ്പോൾ റോഡിൽ ഭീകരശബ്ദം കേട്ട് ഓട്ടോ വേഗം അൽപം കുറച്ചു. ഈ സമയം ഒരുബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ഓട്ടോയിലെ പിൻസീറ്റിൽ സൈഡിൽ ഇരുന്ന ജയലക്ഷ്മിയുടെയും മകളുടെയും മുഖത്ത് സ്പ്രേ ചെയ്യുകയായിരുന്നു. അക്രമശ്രമമാെണന്ന് മനസ്സിലാക്കിയ ഓട്ടോഡ്രൈവർ രാജു വണ്ടി വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. കഠിനമായ തലകറക്കവും ക്ഷീണവും തലക്ക് മന്ദതയും അനുഭവപ്പെട്ട അമ്മയെയും മകളെയും കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി. പിന്നീട് തിരുവല്ല സി.ഐക്ക് പരാതി നൽകുകയായിരുന്നു. ഇതിന് സമാനസംഭവം ഒരുമാസത്തിനുമുമ്പ് ഈ ഭാഗത്ത് നടന്നതായി നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.