ആംബുലൻസ്​ പൊട്ടിത്തെറിച്ച സംഭവം: ഷോർട്ട് സർക്യൂ​െട്ടന്ന്​​ സംശയം

കുട്ടനാട്: ചമ്പക്കുളത്ത് ആംബുലൻസ് പൊട്ടിത്തെറിച്ച സംഭവത്തിനു കാരണം ഷോർട്ട് സർക്യൂെട്ടന്ന് സംശയം. ഓക്സിജൻ തനിയെ കത്താത്ത സാഹചര്യത്തിൽ ഷോർട്ട് സർക്യൂട്ട് കൊേണ്ട തീപിടിത്തം ഉണ്ടാകൂവെന്ന് 108 ആംബുലൻസ് ആലപ്പുഴ ജില്ല ഓപറേഷൻ ഓഫിസർ ജസ്റ്റിൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഓക്സിജൻ നിറച്ച രണ്ട് പുതിയ സിലിണ്ടറുകളാണ് ചമ്പക്കുളത്ത് കത്തിയ ആംബുലൻസിൽ ബുധനാഴ്ച വെച്ചത്. പരിശോധന നടത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.16 സിലിണ്ടറുകൾ ഒരുമിച്ചാണ് നിറച്ചത്. എല്ലാ ആംബുലൻസിലും ഒരുമിച്ചാണ് സിലിണ്ടറുകൾ കയറ്റിയത്. വെള്ളക്കെട്ടിലൂടെ ആംബുലൻസ് ഓടിയപ്പോൾ വെള്ളം കയറിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. അങ്ങനെയെങ്കിൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കൂടുതലാണ്. ഫോറൻസിക് വിഭാഗം നാലുമണിക്കൂറോളം പരിശോധന നടത്തി റിപ്പോർട്ട് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. 108 ആംബുലൻസിൽ സഞ്ചരിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരു ഡ്രൈവർ, ഒരു മെയിൽ നഴ്സ്, ഒരുരോഗി, രണ്ട് ബൈസ്റ്റാൻഡേഴ്സ് എന്നിവർക്കാണ് പരിരക്ഷ ലഭിക്കുക. എന്നാൽ, ചമ്പക്കുളത്ത് ആംബുലൻസ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് മരിച്ച മോഹനൻകുട്ടി നായർക്ക് ആനുകൂല്യം കിട്ടാനിടയില്ല. തീപിടിത്തത്തെത്തുടർന്ന് മറ്റൊരു ആംബുലൻസിൽ കൊണ്ടുപോകും വഴിയായിരുന്നു മോഹനൻകുട്ടി നായർ മരിച്ചത്. 2012ലാണ് ആലപ്പുഴയിൽ 108 ആംബുലൻസ് സർവിസ് ആരംഭിച്ചത്. 108 ആംബുലൻസ് സംസ്ഥാനത്ത് അഗ്നിക്കിരയാകുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി രോഗിയുമായി പോയ ആംബുലൻസ് കത്തിയമർന്നത്. ഡ്രൈവർ ഓക്സിജൻ കാബിൻ തുറന്നയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു. മുന്നിലിരുന്ന രോഗിയായ കുട്ടിയുടെ രണ്ട് ബന്ധുക്കളാണ് അന്ന് വെന്തുമരിച്ചത്. കുട്ടിയുൾപ്പെടെ പിറകിലിരുന്നവരും ഡ്രൈവറും രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.