അടൂരിലും കെവിന്‍ മോഡല്‍ തട്ടിക്കൊണ്ടുപോകല്‍; ഇരയെ കണ്ടെത്തി, നാലുപേർ പിടിയിൽ

അടൂര്‍: കെവി​െൻറ കൊലപാതകത്തി​െൻറ ഞെട്ടലില്‍നിന്ന് നാട് മുക്തമാകും മുമ്പ് അടൂരിൽ അതേ രീതിയിൽ തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറി. പരാതി കിട്ടി അരമണിക്കൂറിനകം പൊലീസ് ഇരയെ കണ്ടെത്തി. നാലുപേരെയും പിടികൂടി. അടൂര്‍ മുത്തൂറ്റ് ഹോണ്ടയില്‍ സര്‍വിസ് എന്‍ജിനീയറായ കൊട്ടാരക്കര കുളക്കട ലക്ഷ്മി വിലാസത്തില്‍ ആര്‍. സൂരജിനെയാണ് (23) ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെ കോട്ടമുകള്‍ ഗവ. െഗസ്റ്റ് ഹൗസിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. സ്‌കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിക്കവെ സഹപ്രവര്‍ത്തകയുടെ മുൻ ജീവിതപങ്കാളിയും ബന്ധുക്കളും ചേര്‍ന്ന് കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. സൂരജ് സൂചന നൽകിയതനുസരിച്ച് കൂട്ടുകാരന്‍ മിനിറ്റുകള്‍ക്കുള്ളില്‍ അവിടെ എത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസുകാർ സൂരജി​െൻറ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുത്തത് മറ്റാരോ ആയിരുന്നു. പിന്നീട് ഫോൺ എടുത്ത സൂരജ് താൻ പഴകുളത്തുണ്ടെന്ന് അറിയിച്ചു. പൊലീസ് എത്തി 14ാം മൈലിൽ സൂരജിനെ കെണ്ടത്തുകയായിരുന്നു. സംഭവത്തിൽ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പിൽ ഹാഷിം, സഹോദരൻ ആഷിഖ്, വടക്കടത്തുകാവ് വലിയവീട്ടയ്യത്ത് തെക്കേതിൽ നിഷാദ്, ബന്ധു ഷമീർ എന്നിവർ പിടിയിലായി. ഡിവൈ.എസ്.പി ആർ. ജോസ്, ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ്‌കുമാര്‍ എന്നിവരുടെ അവസരോചിത ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. പൊലീസ് പറയുന്നത് ഇങ്ങനെ: ഒപ്പം ജോലി ചെയ്യുന്ന ഹിന്ദു യുവതിയുമായി സൂരജ് ഒരു വര്‍ഷമായി അടുപ്പത്തിലാണ്. ആറുവർഷം മുമ്പ് ഹാഷിമുമായി ഒരുമിച്ച് താമസം തുടങ്ങിയ യുവതിക്ക് ഇൗ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. രണ്ടു വർഷം മുമ്പ് കലഹം ആരംഭിച്ചതിനെ തുടർന്ന് ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഗാര്‍ഹിക പീഡനത്തിനും ബന്ധം ഒഴിയുന്നതിനുമായി യുവതി കോടതിയിലും പൊലീസിലും കേസ് നല്‍കിയിട്ടുണ്ട്. ഹാഷിമി​െൻറ ഉപദ്രവത്തില്‍നിന്ന് രക്ഷനേടുന്നതിന് യുവതി പ്രൊട്ടക്ഷനും സമ്പാദിച്ചിട്ടുണ്ട്. ഇൗ സമയത്താണ് യുവതി സൂരജുമായി അടുപ്പത്തിലായത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് സൂരജ് പൊലീസിനോട് പറഞ്ഞു. തനിക്കെതിരെ നൽകിയ കേസുകൾ യുവതിയെക്കൊണ്ട് പിൻവലിപ്പിക്കാനാണ് ഹാഷിമും സംഘവും സൂരജിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. കെ.എസ്.ആർ.ടി.സി ജങ്ഷനില്‍ എത്തിയപ്പോള്‍ മുതൽ വാഹനത്തിൽവെച്ചും പിന്നീട് ഹാഷിമി​െൻറ വീട്ടില്‍വെച്ചും മർദിച്ചെന്ന് സൂരജ് പറഞ്ഞു. പൊലീസ് തുടര്‍ച്ചയായി വിളിച്ചതോടെ സംഘം സൂരജിനെ 14ാം മൈല്‍ ആശുപത്രിക്ക് സമീപം ഇറക്കിവിടുകയായിരുന്നു. സൂരജി​െൻറ മൊഴി അടക്കമുള്ള മുഴുവൻ കാര്യങ്ങളും പൊലീസ് വിഡിയോയിൽ പകർത്തിയിട്ടുണ്ട്. പരാതി ഇല്ലെന്നും കേസ് വേണ്ടെന്നും സൂരജ് പറഞ്ഞെങ്കിലും കോട്ടയം സംഭവത്തി​െൻറ പശ്ചാത്തലത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് നാലുപേരെയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.