ചെങ്ങന്നൂർ: വോട്ടുയന്ത്രം സ്​ഥാപിക്കൽ വൈകി

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ഇലക്ട്രോണിക് വോട്ടുയന്ത്രം സ്ഥാപിക്കുന്ന േജാലി വൈകി. കമീഷനിങ് പൂർത്തീകരിക്കാൻ 24 മണിക്കൂർ വേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന പ്രവൃത്തി ആരംഭിച്ചത് ആറ് മണിക്കൂർ പിന്നിട്ട് ഉച്ചക്ക് രണ്ടിനാണ്. ഇതുതന്നെ കലക്ടർ ടി.വി. അനുപമയുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ്. ഇതിനാൽ വെള്ളിയാഴ്ച പുലർച്ച 5.30ന് ശേഷമാണ് കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്നവർക്ക് പിരിയാനായത്. സബ്ട്രഷറിയിൽ സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന വോട്ടുയന്ത്രത്തിൽ ഘടിപ്പിക്കേണ്ട ബാലറ്റ് പേപ്പറുകൾ ട്രഷറി ഓഫിസർ തിരികെ റിട്ടേണിങ് ഓഫിസർക്ക് കൈമാറുന്നതിൽ ഉണ്ടായ കാലതാമസമാണ് ഇ.വി.എം കമീഷനിങ് തടസ്സത്തിന് ഇടയാക്കിയത്. ബാലറ്റ് പേപ്പർ സ്ട്രോങ് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ചപ്പോൾ പകരം രേഖയായി നൽകിയ രസീത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈയിൽനിന്ന് നഷ്ടപ്പെട്ടു. 250ൽപരം ബാലറ്റ് പേപ്പർ റോൾ തിരികെ എടുക്കാൻ എത്തിയപ്പോൾ രേഖ ഇല്ല. ഇതോടെ യഥാസമയം നടപടി തുടങ്ങാനായില്ല. ട്രഷറി ഓഫിസർ നിലപാട് കർക്കശമാക്കി രസീതില്ലാതെ ബാലറ്റ് പേപ്പർ കൈമാറാൻ തയാറായില്ല. രാവിലെ ഏഴ് മുതൽ വൈകീട്ട് നാലുവരെ മുതിർന്ന വോട്ടർമാരെയും സമ്മതിദാനാവകാശം വിനിയോഗിക്കാനായി ജനങ്ങളെ ക്ഷണിക്കാനുമായി ചെങ്ങന്നൂർ മണ്ഡലത്തിൽ ഉണ്ടായിരുന്ന കലക്ടർ സർക്കാറിൽ ബന്ധപ്പെട്ട് അടിയന്തരമായി പുതിയ ഉത്തരവിറക്കിയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ കൃത്യവിലോപത്തിന് മൂന്ന് ഉദ്യോഗസ്ഥർ നടപടിക്ക് വിധേയമാകേണ്ട അവസ്ഥ ഒഴിവായി. രണ്ട് ഷിഫ്റ്റായിട്ടാണ് ജോലിക്ക് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. രാവിലെ മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു ആദ്യ ടേം. ഇവരെ കൃത്യസമയത്ത് മടക്കി വിട്ടു. പിന്നീട് ഉണ്ടായിരുന്ന ജീവനക്കാർക്കാണ് ബുദ്ധിമുേട്ടണ്ടിവന്നത്. ഒരു പോളിങ് സ്റ്റേഷനിലേക്ക് രണ്ട് വോട്ടുയന്ത്രം വീതമാണ് ക്രമീകരിക്കേണ്ടത്. മെഷീനുകളെല്ലാം തയാറാക്കിയ ശേഷം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും പ്രതിനിധികളെയും സംശയാതീതമായി ബോധ്യപ്പെട്ട് സമ്മതം നൽകണം. ഇതിന് രണ്ടര മണിക്കൂർ വീതം വേണ്ടിവന്നു. ഇത് ഏറെ ശ്രമകരമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.