മൂലമറ്റം: ജില്ലയിൽ വൈദ്യുതി മുടക്കം പതിവായത് ജനത്തെ ദുരിതത്തിലാക്കുന്നു. മഴ എത്തിയതോടെയാണ് പല സ്ഥലങ്ങളിലും വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നത്. വൈകീട്ട് വൈദ്യുതി മുടങ്ങിയാൽ അടുത്ത ദിവസം മാത്രമേ പുനഃസ്ഥാപിക്കാറുള്ളൂ. വൈദ്യുതി മന്ത്രിയുടെ ജില്ലയിലാണ് ഈ ദുരവസ്ഥ. കാറ്റടിച്ചാലോ ചാറ്റൽ മഴ പെയ്താലോ പല പ്രദേശങ്ങളും ഇരുട്ടിലാകും. വൈദ്യുതി മുടങ്ങിയാൽ എപ്പോൾ വരുമെന്നത് സംബന്ധിച്ച് ഒരുറപ്പുമില്ല. കാര്യം തിരക്കി കെ.എസ്.ഇ.ബി ഓഫിസിലേക്ക് ഫോൺ ചെയ്താൽ വ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും പരാതിയുണ്ട്. പകൽ മുന്നറിയിപ്പില്ലാതെ പലതവണ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് വ്യാപാര സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയുമെല്ലാം പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പലയിടത്തും മണിക്കൂറുകളോളം കുടിവെള്ളം മുടങ്ങുന്നു. ജില്ലയിലെ മിക്ക ലൈനുകളും കാടുകയറി കിടക്കുകയാണ്. ചിലയിടങ്ങളിൽ ട്രാൻസ്‌ഫോർമർ യാർഡുകൾവരെ കാടുകയറി. ചെറിയ കാറ്റിലും ലൈനുകൾ തകരാറിലാകുന്നത് ഇക്കാരണത്താൽ പതിവാണ്. അടിക്കടി വൈദ്യുതി മുടങ്ങുന്നത് വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും വെല്ലുവിളിയായിട്ടുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങൾ, ഡി.ടി.പി സെൻററുകൾ, പ്രസ്, ഫോട്ടോസ്റ്റാറ്റ്, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജുകൾ, തടിമില്ലുകൾ എന്നിവയുടെ പ്രവർത്തനങ്ങളെയെല്ലാം വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നു. വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നതിനാൽ സർക്കാർ ഓഫിസുകളിലെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും പല ഓൺലൈൻ സർട്ടിഫിക്കറ്റുകളും ദിവസങ്ങളോളം ലഭിക്കാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നതും പതിവാണ്. ടച്ച് വെട്ടും അറ്റകുറ്റപ്പണിയും യഥാസമയം നടത്താത്തതാണ് ജില്ലയിലെ വൈദ്യുതി പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്ന് ജനം ആരോപിക്കുന്നു. ഇതോടൊപ്പം ടച്ച് വെട്ട് പരിശോധന നടത്തുന്നതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരില്ലാത്തതിനാൽ പലപ്പോഴും വലിയ മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുന്നതിന് കരാറുകാർ തയാറാകാറില്ല. മഴയിലും കാറ്റിലും ലൈൻ കമ്പിയിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്നതാണ് ഇപ്പോഴത്തെ വൈദ്യുതി മുടക്കത്തിന് മുഖ്യകാരണമായി അധികൃതർ പറയുന്നത്. മുൻ കാലങ്ങളിൽ വർഷത്തിൽ മൂന്നുതവണവരെ ടച്ചിങ് വെട്ടിയിരുന്നതാണ്. ഇപ്പോൾ ടച്ചിങ് വെട്ടൽ ചടങ്ങിനു മാത്രമായി മാറി. മോഡൽ സെക്ഷൻ സംവിധാനം വരുന്നതിന് മുമ്പ് ഓരോ പ്രദേശങ്ങൾക്കും ട്രാൻസ്‌ഫോർമറുകൾക്കും വ്യക്തമായ ചാർജുള്ള ലൈൻമാൻ ഉണ്ടായിരുന്നതാണ്. എന്നാൽ, മോഡൽ സെക്ഷൻ വന്നതോടെ ലൈനുകളുടെ ഉത്തരവാദിത്തം ആർക്കുമില്ലാതായി. ഇതോടെയാണ് ലൈനുകളിലെ അറ്റകുറ്റപ്പണി മുടങ്ങുന്നതും തകരാറുകൾ യഥാസമയം പരിഹരിക്കാനാകാത്തതും. ജില്ലയിലെ ലൈനുകൾ ഭൂരിപക്ഷവും തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. റോഡരികിൽ നിൽക്കുന്ന ലൈനുകൾ മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്താറുള്ളത്. കൂടുതൽ ലൈൻ തകരാറുകളും ലൈനിലെ അപകടങ്ങളും ഉണ്ടാകുന്നത് തോട്ടങ്ങളിലൂടെയുള്ള ലൈനുകളിലാണ്. ഇവ പരിശോധന നടത്തുന്നതിനുവേണ്ട സംവിധാനം കെ.എസ്.ഇ.ബിക്കില്ല. ഇതിനിടെ വൈദ്യുതി ബോർഡിൽ അസമയത്ത് നടത്തിയ കൂട്ടസ്ഥലം മാറ്റം ജീവനക്കാരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ഓൺലൈൻ ട്രാൻസ്ഫർ വന്നതോടെ 80 ശതമാനം ജീവനക്കാരെയും ഉദ്യോഗസ്ഥരെയുമാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ ജീവനക്കാർ മെല്ലെപ്പോക്കിലായതും പ്രശ്നമാണ്. ലൈനുകൾ കടന്നുപോകുന്ന വഴികൾ അറിയാവുന്ന ഫീൽഡിൽ ജോലി ചെയ്തിരുന്ന ധാരാളം പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ധാരാളം അപകടങ്ങളുണ്ടാവുന്ന മേഖലയായിട്ടും ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതിെൻറ കാരണം ഇനിയും വ്യക്തമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഒരിക്കൽ പോലും സെക്ഷൻ ഓഫിസിൽ ജോലി നോക്കിയിട്ടില്ലാത്ത ജീവനക്കാർവരെ കൂട്ടമായി സെക്ഷൻ ഓഫിസുകളിലെത്തുമെന്ന സ്ഥിതിയാണിപ്പോൾ. ഹൈറേഞ്ചിൽ പകർച്ചപ്പനി വ്യാപിക്കുന്നു പീരുമേട്: പെരുവന്താനം, പീരുമേട്, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിൽ പനി പടരുന്നു. നൂറുകണക്കിന് ആളുകളാണ് ചികിത്സയിലുള്ളത്. ഏപ്രിൽ ആദ്യവാരം ലഭിച്ച മഴക്ക് ശേഷം ചൂട് വർധിച്ചതോടെ കൊതുക് ശല്യവും രൂക്ഷമാണ്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളിൽ എത്തുന്നു. ദേശീയപാത വക്കിൽ കുന്നുകൂടുന്ന മാലിന്യം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുർഗന്ധവും കൊതുകിന് വളരാൻ സൗകര്യം ലഭിക്കുന്നതുമായ മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ല. പെരുവന്താനം മുതൽ മത്തായികൊക്കവരെ ഭാഗത്തെ മാലിന്യമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതർ വീടുകൾ കയറി ഇറങ്ങി. ബോധവത്കരണം നടത്തുമ്പോഴും പാതയോരത്തെ് മാലിന്യം കുമിയുകയാണ്. വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം കടകളിലെ മലിനജലം റോഡ് വക്കിൽ കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.