നിപ വൈറസ്​: കോട്ടയത്ത്​ ആശുപത്രി ജീവനക്കാർക്കും ജനങ്ങൾക്കും​ ജാഗ്രത നിർദേശം

കോട്ടയം: നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 10 മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച നഴ്സും മരിച്ച സാഹചര്യത്തിലാണ് ആശുപത്രി ജീവനക്കാർക്ക് ജാഗ്രത നിർദേശം നൽകിയത്. ആശുപത്രി ജീവനക്കാര്‍ വ്യക്തിസുരക്ഷ നടപടി കൃത്യമായി പാലിക്കണം. രോഗിയുടെ വിസർജ്യങ്ങളുമായി സമ്പര്‍ക്കമുണ്ടായാല്‍ അണുനാശിനി, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് കൈകള്‍ 20 സെക്കൻഡ് നന്നായി കഴുകണം. ഉപകരണങ്ങള്‍ ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിച്ച് അണുനശീകരണം നടത്തണം. പരിശോധനക്കായി രോഗിയുടെ രക്തം, വിസർജ്യങ്ങള്‍ എന്നിവ ശേഖരിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രം മാറി കുളിക്കണം. പനി ലക്ഷണങ്ങളുണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണം. പൊതുജനങ്ങള്‍ വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവർഗങ്ങള്‍ കഴിക്കരുത്. വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്. മരത്തില്‍ കയറരുത്. പനിക്കൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ സമീപിച്ച് വിദഗ്ധ ചികിത്സ തേടണം. ചുമയക്കുമ്പോഴും തുമ്മുമ്പോഴും ടവൽ, തോര്‍ത്തുകൊണ്ട് വായ് മൂടണം. വനത്തോട് ചേർന്നതും വവ്വാലുകളുടെ സാന്നിധ്യം കൂടുതലുള്ളതുമായ പ്രദേശങ്ങളിലാണ് ജാഗ്രത ർദേശം നൽകിയത്. മുൻകരുതലി​െൻറ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എച്ച് വണ്‍ എൻ വണ്‍ രോഗപ്രതിരോധമാർഗങ്ങൾ തന്നെയാണ് നിപ വൈറസ് ബാധ പടരാതിരിക്കാനും സ്വീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിപ വൈറസ് പഴം വിപണിയിലും തിരിച്ചടി കോട്ടയം: നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 10 പേർ മരിച്ചത് കോട്ടയത്തെ പഴംവിപണിയെയും ബാധിച്ചു. വവ്വാലിലൂടെയാണ് നിപ വൈറസ് പടരുന്നതെന്ന് കണ്ടെത്തിയതോടെ മാങ്ങ, ഏത്തപ്പഴം, പഴം, പേരക്ക, സപ്പോർട്ട തുടങ്ങിയവക്ക് ആവശ്യക്കാരിൽ നേരിയ കുറവുണ്ടായി. റമദാൻ ആരംഭിച്ചതോടെ കഴിഞ്ഞയാഴ്ച പഴവർഗങ്ങൾക്ക് നല്ലവ്യാപാരമായിരുന്നു. വഴിയോരങ്ങളിലും പൊതുസ്ഥലത്തും കച്ചവടം നടത്തുന്നവർ രാത്രി പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് മൂടുകയാണ് ചെയ്യാറ്. ഇത്തരം പഴങ്ങൾ മതിയായ സുരക്ഷയില്ലാതെയാണ് സൂക്ഷിക്കുന്നതെന്ന് പറയുന്നു. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കച്ചവടക്കാർ പറഞ്ഞു. കോട്ടയത്തെ വിപണിയിൽ കൂടുതലായും വിവിധതരം മാങ്ങകളാണ് എത്തിയിരിക്കുന്നത്. വഴിയോരങ്ങളിലും വാഹനങ്ങളിലും പഴവർഗ വിൽപന കുറഞ്ഞത് നിപ വൈറസ് ബാധയുടെ വാർത്തകൾ പുറത്തുവന്നതോടെയാണെന്ന് വഴിയോര കച്ചവടക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.