അടൂർ: പള്ളിക്കലിൽ അനധികൃത മണ്ണെടുപ്പ് തടയാൻചെന്ന വനിത പഞ്ചായത്ത് അംഗത്തെ കൈയേറ്റം ചെയ്യാൻ മണ്ണുമാഫിയ സംഘത്തിെൻറ ശ്രമം. തിങ്കളാഴ്ച ഇളംപള്ളിൽ കോണത്തുപള്ളിക്ക് സമീപം മൂന്നേക്കറിൽ അധികം വരുന്ന ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് തടയാൻ ചെന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. സുലേഖക്ക് നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്. അസഭ്യം പറയുകയും കമ്പിവടികൊണ്ട് ആക്രമിക്കാനും മുതിർന്നു. സംഭവം സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി അടൂർ സി.ഐക്ക് പരാതി നൽകി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. കോണത്തുമലയുടെ വടക്ക് മുഴുവൻ തുരന്നെടുത്ത മണ്ണ് മാഫിയ മലയുടെ കിഴക്കുനിന്ന് മണ്ണെടുക്കാനാണ് എത്തിയത്. മണ്ണുമാന്തിയും ടിപ്പർ ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ മലയായ ഇവിടെ കെട്ടിടം നിർമിക്കാൻ സ്ഥലം വികസിപ്പിക്കാൻ 2016ൽ പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിരുന്നു. മണ്ണ് കൊണ്ടുപോകരുതെന്ന് നിബന്ധനകളിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഹൈകോടതിയിൽനിന്ന് പ്രത്യേകം ഉത്തരവ് സമ്പാദിച്ചാണ് മണ്ണെടുക്കാൻ ശ്രമം നടത്തിയത്. പഞ്ചായത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തി ഉത്തരവ് റദ്ദുചെയ്യാൻ പഞ്ചായത്ത് പ്രത്യേക ഹരജി നൽകുമെന്ന് പ്രസിഡൻറ് ജി. പ്രസന്നകുമാരി പറഞ്ഞു. തെങ്ങമം തോട്ടംമുക്ക്, ഇടക്കടവ് ഭാഗം, മന്ദിരംമുക്ക് എന്നിവിടങ്ങളിൽ രണ്ടുദിവസമായി അനധികൃത മണ്ണെടുപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.