മുട്ടം എൻജിനീയറിങ് കോളജ്​ വിദ്യാർഥികളും നാട്ടുകാരും ഏറ്റുമുട്ടി; നാലുപേർക്ക്​ പരിക്ക്​

തൊടുപുഴ: മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർഥികളും പുറത്തുള്ളവരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവത്തിൽ 16 പേര്‍ക്കെതിരെ മുട്ടം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെ മുട്ടം കോടതി റോഡിലാണ് സംഭവങ്ങളുടെ തുടക്കം. മൂന്നാഴ്ച മുമ്പ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബാൾ കളികഴി‍ഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർഥികളും കളിക്കാനെത്തിയ നാട്ടിലെ യുവാക്കളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതി​െൻറ തുടർച്ചയെന്നോണം ഞായറാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ-മുട്ടം റോഡിലെ കോടതി കവലയിൽ ഏതാനും വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവമറിഞ്ഞ് സമീപത്തെ ഹോസ്റ്റലുകളിൽനിന്ന് കൂടുതൽ വിദ്യാർഥികൾ സംഘടിച്ചെത്തി യുവാക്കളെ നേരിട്ടു. ഇതോടെ പിൻവാങ്ങിയ യുവാക്കൾ കൂടുതലാളുകളെക്കൂട്ടി ഹോസ്റ്റലിലെത്തി ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിലെ കട്ടിലുൾപ്പെടെ ഉപകരണങ്ങളും ബൈക്കുകളും മറ്റും അടിച്ചുതകർത്തതായി വിദ്യാർഥികൾ പറഞ്ഞു. ഇത് തടയാൻ ശ്രമിച്ച വിദ്യാർഥികൾക്കാണ് മർദനമേറ്റതെന്നും ഇവർ പറയുന്നു. എന്നാൽ, കോടതി റോഡിലെ മൂന്ന് ഹോസ്റ്റൽ കേന്ദ്രീകരിച്ച് നിരന്തരം അതിക്രമം നടക്കുന്നതായും ഞായറാഴ്ച രാത്രി കോടതി കവലയിൽെവച്ച് നാട്ടുകാരായ തങ്ങളെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്നും യുവാക്കൾ പറഞ്ഞു. വടിയും കല്ലുമായെത്തിയാണ് വിദ്യാർഥികൾ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലിനുള്ളിൽനിന്ന് മദ്യക്കുപ്പികളും കമ്പും കല്ലുകളും വലിച്ചെറിഞ്ഞതായും അവർ ആരോപിച്ചു. മുട്ടം പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഭവത്തിൽ നാട്ടുകാരായ ഷാനവാസ്, ഷബീർ, ആഷിക്, മുനീർ, മാഹിൻ, അയ്യൂബ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 10പേര്‍ക്കെതിരെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി മുട്ടം എസ്.ഐ പി.ടി. ബിജോയി പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.