ഗുരുവായൂര്‍: ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പോയതും തിരിച്ചു വന്നതും കാൽനടയായി. സാധാരണയായി വി.ഐ.പികൾ ഗെസ്റ്റ് ഹൗസിൽ നിന്ന് കാറിലാണ് ക്ഷേത്രം വരെ പോകാറുള്ളത്. എന്നാൽ താൻ നടന്നുപോകാമെന്ന് ഉപരാഷ്ട്രപതി പറയുകയായിരുന്നു. ഉപരാഷ്ട്രപതി എത്തും മുമ്പ് തന്നെ ഗെസ്റ്റ് ഹൗസിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിലെ എല്ലാ ഭക്തരെയും മാറ്റി പൊലീസ് കാവൽ നിൽക്കുകയായിരുന്നു. ശ്രീകൃഷ്ണകോളജിലെ ഹെലിപ്പാഡിലിറങ്ങി 12.43നാണ് ഉപരാഷ്ട്രപതി ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തിയത്. ഉപരാഷ്ട്രപതിയുടെ കാറിൽ തന്നെയായിരുന്നു ഗവർണർ പി. സദാശിവവും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ഗെസ്റ്റ് ഹൗസിൽ എത്തിയിരുന്നു. ഉപരാഷ്ട്രപതിക്ക് ഗംഭീര സ്വീകരണം ഗുരുവായൂർ: ഗെസ്റ്റ് ഹൗസിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. നഗരസഭയുടെ ഉപഹാരം പ്രഫ. ശാന്തകുമാരി സമ്മാനിച്ചു. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന നേരത്തായിരുന്നു ദര്‍ശനം. ഗവർണറും മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ചെയർമാൻ മോഹൻദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്ഷേത്രം വരെ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അനുഗമിച്ചു. ഉപരാഷ്ട്രതി ഹെലിപ്പാഡിലെത്തിയതു മുതൽ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ്, ക്ഷേത്രം മാനേജര്‍ പി.മനോജ്കുമാർ എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ 20 മിനിറ്റോളം ചെലവഴിച്ചു. ഉപദേവന്മാരെയും തൊഴുതാണ് മടങ്ങിയത്. ദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലായിരുന്നു ഉച്ചഭക്ഷണം. വിശ്രമത്തിന് ശേഷം 3.30ന് പൂന്താനം ഓഡിറ്റോറിയത്തിലെത്തി. ചടങ്ങ് കഴിഞ്ഞ് 4.45ന് ഗുരുവായൂരിൽ നിന്ന് മടങ്ങി. പൊലീസിന് സുരക്ഷ വീഴ്ച ഗുരുവായൂര്‍: ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ നിന്ന് ഉപരാഷ്ട്രപതിയെ സമ്മേളന വേദിയായ പൂന്താനം ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകുന്നതിൽ പൊലീസിന് സുരക്ഷവീഴ്ച. പൂന്താനം ഓഡിറ്റോറിയത്തിലേക്ക് അര കിലോമീറ്ററോളം ദൂരമുണ്ടെന്നറിയാതെ ഉപരാഷ്ട്രപതി ഗെസ്റ്റ് ഹൗസിൽ നിന്നും നടന്ന് തെക്കെനടപ്പുരയിലെ എ.ടി.എം കൗണ്ടർ കഴിഞ്ഞപ്പോഴാണ് പൊലീസിന് അബദ്ധം മനസ്സിലായത്. നടന്നു പോകാനായുള്ള ഒരുക്കങ്ങളൊന്നും പൊലീസ് നടത്തിയിരുന്നില്ല. ഒടുവിൽ നടപ്പുരയുടെ പാതിവഴിയെത്തിയ ഉപരാഷ്ട്രപതിയെ മടക്കി പിന്നീട് വാഹനത്തിൽ പൂന്താനം ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. നടന്നുപോകുന്ന കേന്ദ്രമന്ത്രിയെ കണ്ട ഉപരാഷ്ട്രപതി ഗുരുവായൂര്‍: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉപരാഷ്ട്രപതി കണ്ടത് ഉദ്യോഗസ്ഥ പരിവാരങ്ങളൊന്നുമില്ലാതെ ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന കേന്ദ്രമന്ത്രി മഹേഷ് ശർമയെ. മഹേഷ് ശർമ ഉപരാഷ്ട്രപതി ക്ഷേത്രത്തിൽ പോയ ശേഷമാണ് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തിയിരുന്നത്. ഒറ്റക്ക് പോകുന്ന കേന്ദ്രമന്ത്രിയെ കണ്ട ഉപരാഷ്ട്രപതി അവിടെ നിന്നു. മഹേഷ് ശർമയോട് കുശലാന്വേഷണം നടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന കുറച്ച് ഉദ്യോഗസ്ഥന്മാരോട് കേന്ദ്രമന്ത്രിക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പിന്നീട് ഉദ്യോഗസ്ഥർക്കൊപ്പമായി മന്ത്രിയുടെ യാത്ര. കേരള വിഭവങ്ങളുടെ രുചിക്കൂട്ട് ഗുരുവായൂര്‍: ഉപരാഷ്ട്രപതിക്ക് രുചിക്കാൻ സംസ്ഥാനത്തിെൻറ ദേശീയ ഫലമായ ചക്കയും. മധുരമൂറുന്ന ചക്കചുളകൾക്ക് പുറമെ ചക്ക അട, ഇടിചക്കത്തോരൻ എന്നിവയും ഉച്ചഭക്ഷണ വിഭവങ്ങളിലുണ്ടായിരുന്നു. മാമ്പഴ പുളിശേരി, അവിയൽ, ചേന തീയൽ, എരിശേരി തുടങ്ങിയ കേരള വിഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പാണ് കേരള തനിമ ഉൾക്കൊള്ളിച്ച ഭക്ഷണം തയാറാക്കിയത്. കൈകൂപ്പാതെ കടകംപള്ളി ഗുരുവായൂര്‍: ഉപരാഷ്ട്രപതിക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയെങ്കിലും കൈകൂപ്പി തൊഴാതെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ അഷ്ടമി രോഹിണി നാളിലെ വിവാദ ദർശനത്തിന് ശേഷം ആദ്യമാണ് മന്ത്രി ദർശനം നടത്തിയത്. ഒപ്പമുള്ളവരെല്ലാം ശ്രീകോവിലിന് മുന്നിൽ കൂപ്പുകൈകളായി നിന്നെങ്കിലും മന്ത്രി കൈകൂപ്പി തൊഴുതില്ല. അഷ്ടമിരോഹിണി നാളിൽ നടത്തിയ ദർശനം പാർട്ടിക്കകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിന് ശേഷം ഗുരുവായൂരിലെത്തിയാലും മന്ത്രി ദർശനം നടത്താറില്ല. സഹായം അഭ്യർഥിച്ച് നഗരസഭ ഗുരുവായൂര്‍: നാട്യഗൃഹത്തിന് സഹായം അഭ്യർഥിച്ച് നഗരസഭ ഉപരാഷ്ട്രപതിക്ക് മുന്നിൽ. സാംസ്കാരിക ഉന്നമനത്തിനായി ഗുരുവായൂരിൽ നാട്യഗൃഹത്തിന് സഹായം ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉപരാഷ്ട്രപതിക്ക് നിവേദനം നൽകി. മന്ത്രി മഹേഷ് ശർമയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വെങ്കയ്യ നായിഡു നഗരകാര്യമന്ത്രിയായിരിക്കെയാണ് ഗുരുവായൂരിനെ അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.