മതനിരപേക്ഷത, ന്യൂനപക്ഷാവകാശ സംരക്ഷണം: സർക്കാർ നിലപാട് സുവ്യക്തം -പിണറായി കൊച്ചി: മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാറിെൻറ നിലപാട് സുവ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടരെ ഉണ്ടാവുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ സ്ഥിതി ഭിന്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിവിധ ക്രൈസ്തവസഭ മേലധികാരികളും സംഘടന ഭാരവാഹികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന മുന്നേറ്റങ്ങള്‍ പാകിയ അടിത്തറയിലൂന്നി ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും നടത്തിയ പരിശ്രമമാണ് മതനിരപേക്ഷ കേരളത്തെ കെട്ടിപ്പടുത്തത്. അതിനെ തകര്‍ക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇവിടെയുമുണ്ട്. ഇതിനെതിരെ ശക്തമായും ജാഗ്രതയോടെയുമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളും പട്ടികജാതി വിഭാഗങ്ങളുമാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. ഇതിന് നേതൃത്വം നൽകുന്നവരെ എല്ലാവര്‍ക്കും അറിയാം. ന്യൂനപക്ഷങ്ങളില്‍ ചിലര്‍ ഇവരുടെ ക്യാമ്പില്‍ ചെന്നുപെടുന്ന സംഭവങ്ങളുണ്ട്. മതസൗഹാര്‍ദം നിലനിൽക്കാൻ മതനിരപേക്ഷതയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ പോരാ, വര്‍ഗീയതയെ ശക്തമായി എതിർക്കണം. വിദ്യാർഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും പൈസ വാങ്ങാത്ത പാരമ്പര്യമാണ് ന്യൂനപക്ഷ എയിഡഡ് മാനേജ്മെൻറുകള്ക്കുണ്ടായിരുന്നത്. സ്വാശ്രയരീതി വന്നതോടെ അത് മാറിയിട്ടുണ്ട്. എയിഡഡ് മേഖലയിലെ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ തസ്തികകള്‍ അനുവദിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ദൂഷ്യഫലങ്ങളെക്കുറിച്ച അവബോധമാണ് പുകവലിശീലം കുറയാന്‍ കാരണം. മദ്യപാനവും അത്തരത്തിലേ കുറക്കാനാകൂ. ടൂറിസം രംഗത്ത് ശ്രീലങ്കയുമായി മത്സരിക്കേണ്ട സാഹചര്യമുള്ളപ്പോള്‍ യാഥാർഥ്യബോധമില്ലാത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാനാകില്ല. പെന്തക്കോസ്ത് വിഭാഗത്തിന് മതം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാത്യു അറക്കല്‍, ജോജു മാത്യൂസ്, സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ അപ്രേം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ സംസാരിച്ചു. ബിഷപ് പദവിയില്‍ 50 വര്‍ഷം തികച്ച കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേമിനെ മുഖ്യമന്ത്രി ആദരിച്ചു. വി.സി. സെബാസ്റ്റ്യന്‍, ഫാ. മാത്യു കല്ലിങ്കല്‍, ഗ്ലാഡ്‌സണ്‍ ജേക്കബ്, ബിനു കാര്‍ഡസ്, അരുണ്‍ ഡേവിഡ്, ജേക്കബ് ഉമ്മന്‍, സി. ജോണ്‍ മാത്യു, ഡോ. ബെന്യാമിന്‍ ചിറ്റിലപ്പിള്ളി, ഫാ. റോയ് മാത്യു വടക്കേല്‍, ഡോ. കെ.സി. ജോണ്‍, ഡോ. മാത്യു കുരുവിള, പ്രഫ. മാത്യൂസ് വാഴക്കുന്നം, പ്രഫ. മോനമ്മ കൊക്കാട്, എസ്.ജെ. സാംസണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.