കോട്ടയം: പകർച്ചപ്പനിയും ഡെങ്കിയും ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുേമ്പാഴും കൊതുക് നിർമാർജനത്തിന് പിടികൊടുക്കാതെ നഗരസഭ. കാലവർഷത്തിന് മുന്നോടിയായി പകര്‍ച്ചപ്പനിക്കെതിരെ കരുതൽ വേണമെന്ന ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പും അവഗണിച്ചമട്ടാണ്. വൈറൽപനി, െഡങ്കി, എലിപ്പനി, മലേറിയ തുടങ്ങിയവയും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം രോഗങ്ങളുമാണ് ഇതിൽ പ്രധാനം. മുൻവർഷത്തെ അപേക്ഷിച്ച് പനിയും മരണങ്ങളും വർധിച്ചസാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ പ്രതിരോധപ്രവർത്തനം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന ആരോഗ്യവിഭാഗം പുറത്തിറക്കിയ സർക്കുലറിലെ നിർദേശവും പാലിക്കപ്പെടുന്നില്ല. കോട്ടയം നഗരസഭയുടെ 52 വാർഡുകൾക്കായി നാല് ഫോഗിങ് മെഷീനാണുള്ളത്. മഴയെത്തിയിട്ടും നിലവിലുള്ള മെഷീനുകൾ ഒന്നുപോലും പുകച്ചുതുടങ്ങിയിട്ടില്ല. നാട്ടകം, പള്ളം, ചിങ്ങവനം, കണ്ണാടിക്കടവ്, തിരുവാതുക്കൽ, കാഞ്ഞിരം, ഇല്ലിക്കൽ തുടങ്ങി തോടുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ പായലും പോളയും തിങ്ങിനിറഞ്ഞ് കൊതുകുശല്യം രൂക്ഷമാണ്. ആരോഗ്യവിഭാഗത്തിനോട് ഫോഗിങ് മെഷീനുകൾ കൗൺസിലർമാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കൃത്യമായി നൽകാറില്ലെന്നാണ് പരാതി. നഗരത്തിലെ ഒാടകളിലും ഫോഗിങ് യന്ത്രം ഉപയോഗിച്ച് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടിയുണ്ടാകുന്നില്ല. നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡ് ഉൾപ്പെടെ വിവിധയിടങ്ങളിൽ ഒാട തുറന്നുകിടക്കുകയാണ്. മഴക്കാല പൂർവശുചീകരണ ഭാഗമായി ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ തുടങ്ങിയവരുടെ സഹകരണത്തോടെ വാർഡുകൾ തോറും രോഗപ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ബോധവത്‌കരണം നൽകേണ്ട സമയവും കഴിഞ്ഞു. വാർഡുകളുടെ ശുചീകരണ നിലവാരം പരിശോധിക്കുന്നതിനുള്ള സർവേ നടപടി ഇനിയും ആരംഭിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞവർഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി വാർഡുകൾക്ക് അനുവദിച്ച ഫണ്ട് പോലും ലഭിച്ചിട്ടില്ലെന്നാണ് ചില കൗൺസിലർമാരുടെ പരാതി. 2017നെ അപേക്ഷിച്ച് പനിയും പനിമരണങ്ങളും കൂടിയതിനൊപ്പം ഡെങ്കിയും എലിപ്പനിയും ജില്ലയിൽ വില്ലനായി മാറുന്നുണ്ട്. ആരോഗ്യജാഗ്രത എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധനിയന്ത്രണ കാമ്പയിനുകൾ സംഘടിപ്പിക്കാനുള്ള സർക്കാർ നിർദേശവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇതിെൻറ ഭാഗമായി ആഴ്ചയിലൊരിക്കൽ വീട്, സ്ഥാപനം, പരിസരം എന്നിവ സന്ദർശിച്ച് കൊതുകിന് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന വസ്തുക്കൾ നീക്കൽ, വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചിത്വസ്ക്വാഡുകൾ നടത്തി ബോധവത്കരണം, മാലിന്യസംസ്കരണ പ്രവർത്തനം എന്നിവ ഉൗർജിതമാക്കാനുമുള്ള നിർദേശങ്ങളും കടലാസിൽ ഒതുങ്ങുകയാണെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.