കോട്ടയം: രാജ്യത്തിന് മാതൃകയായ കുന്നന്താനം പഞ്ചായത്തിലെ സൗജന്യ യോഗ പരിശീലന പദ്ധതിയുടെ ശിൽപിയും പൂർവ വിദ്യാർഥിയുമായ എം.ജി. ദിലീപിനെ മഹാത്മാഗാന്ധി സർവകലാശാല അനുമോദിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം 2018ൽ 500 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന യോഗ പരിശീലനത്തിന് മാതൃകയായി തെരഞ്ഞെടുത്തത് ദിലീപ് വിഭാവനം ചെയ്ത കുന്നന്താനം പദ്ധതിയാണ്. ആദരിക്കൽ യോഗം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിതശൈലീ മൂലം പുതിയ ആരോഗ്യപ്രശ്നങ്ങൾ സമൂഹത്തിൽ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ യോഗ, നാച്ചുറോപ്പതി തുടങ്ങിയ ബദൽ ജീവിതരീതികൾ ഗുണപരമായ മാറ്റങ്ങൾക്ക് ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ 7400 കുടുംബങ്ങളിലെ വിവിധ പ്രായത്തിലുള്ള 14,000 പേർക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതി ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തതെന്ന് സർവകലാശാല ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിൽനിന്ന് യോഗ കോഴ്സ് പൂർത്തിയാക്കിയ ദിലീപ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കായി ഒരുവർഷം മുമ്പ് ആരംഭിച്ച സൗജന്യ യോഗ പരിശീലനം പുലർച്ച 4.30 മുതൽ എട്ടുവരെയും വൈകീട്ട് 6.30 മുതൽ 8.30 വരെയും വിവിധ ബാച്ചുകളിലായി നടത്തുന്നു. 3000 ചതുരശ്രയടിയുള്ള ഒരു യോഗ സെൻററിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. എം.ജി ഡിപ്പാർട്മെൻറ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. എം.ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷ കെ.എ. മഞ്ജുഷ, പി.ആർ. ജയകുമാർ, യോഗ പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ജി. ശ്രീകുമാർ, ഫാരിജ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.