നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെ ^മുഖ്യമന്ത്രി

നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെ -മുഖ്യമന്ത്രി കൊച്ചി: ഒരു നേരേത്ത ആഹാരത്തിലേക്ക് കൈയെത്തിക്കാൻ ശ്രമിച്ച കുറ്റത്തിന് നിരാശ്രയനായ ഒരു മനുഷ്യനെ കൊല്ലുന്നവരെ ഉൾക്കൊള്ളുന്ന നാടിനെ സാംസ്കാരിക പ്രബുദ്ധമെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചോദ്യം എല്ലാവരുടെയും ഉള്ളിൽനിന്ന് ഉയർന്നാലേ അന്ധകാരം മാറി സ്നേഹത്തി​െൻറ വെളിച്ചം കടക്കുകയുള്ളൂ. സഹകരണ വകുപ്പ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കൃതി 2018' അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യങ്ങളെത്തുടർന്ന് സാംസ്കാരിക രംഗത്തുണ്ടായ ഉയർച്ചയും ഇടപെടലുമാണ് നമ്മുടെ സംസ്ഥാനത്തെ മുൻനിരയിലേക്ക് ഉയർത്തുന്നതിൽ പങ്കുവഹിച്ചത്. എന്നാൽ, നമ്മുടെ യശസ്സിനെ അപകീർത്തിപ്പെടുത്തുന്ന ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അന്ധവിശ്വാസവും അനാചാരവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു. സമൂഹത്തെ പിറകോട്ട് നയിക്കാനുള്ള ശ്രമങ്ങളെ ഗൗരവമായി കാണണം. ഭാവനസമ്പന്നമായ രചനയിൽ ഏർപ്പെടുന്നവർക്കെതിരെ ആക്രമണം വർധിച്ച കാലമാണിത്. ഹിതകരമല്ലാത്തത് പറയേണ്ടെന്ന ഏകാധിപത്യ കൽപനകൾ ഇടക്കിടെ കേൾക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയും സാംസ്കാരിക സമൂഹത്തി​െൻറ ഇടപെടലും ആവശ്യമാണ്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തി​െൻറ ചരിത്രത്തില്‍ ആദ്യത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തെ ജനങ്ങള്‍ പിന്താങ്ങുന്നതി​െൻറ തെളിവാണ് നിറഞ്ഞ സദസ്സ്. കഴുത്തറുപ്പൻ ബ്ലേഡ് രീതിയിലേക്ക് മാറാത്തതിന് കാരണം എസ്.പി.സി.എസ് പോലുള്ള പ്രസ്ഥാനമാണ്. എഴുത്തുകാർ കൊടിയ ചൂഷണത്തിലേക്ക് എറിയപ്പെടാതിരിക്കാനും കാരണം മറ്റൊന്നെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഫ. എം.കെ. സാനു ഫെസ്റ്റിവൽ പ്രഖ്യാപനം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കൊരു പുസ്തകം പദ്ധതി കൂപ്പൺ വിതരണോദ്ഘാടനം പ്രമുഖ വ്യവസായി എം.എ. യൂസുഫലി നിർവഹിച്ചു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പുസ്തകത്തി​െൻറ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പുസ്തകമേള ഗൈഡ് പ്രഫ. കെ.വി. തോമസ് എം.പി പ്രകാശനം ചെയ്തു. ഇ.എം.എസി​െൻറ നിയമസഭ പ്രഭാഷണങ്ങള്‍ ആദ്യവാല്യം എം.എ. ബേബി പ്രകാശനം ചെയ്തു. കൊച്ചി മേയർ സൗമിനി ജയിൻ, എം.എൽ.എമാരായ ഹൈബി ഈഡൻ, എസ്. ശർമ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, മാതൃഭൂമി എം.ഡി എം.പി. വീരേന്ദ്രകുമാർ, കൃതി 2018 ക്രിയേറ്റിവ് ഡയറക്ടർ ഷാജി എൻ. കരുൺ, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണൻ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻറ് ഏഴാച്ചേരി രാമചന്ദ്രൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു എന്നിവർ പങ്കെടുത്തു. കൊച്ചിൻ ധരണിയുടെ കേരളീയ നൃത്താവതരണത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.