ബി.ജെ.പി തന്ത്രങ്ങൾ പാളുന്നു; പ്രസിഡൻറില്ലായ്മയിൽ പഴിചാരി നേതാക്കൾ

എ. ശരത് പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനായി ആവിഷ്കരിച്ച തന്ത്രങ്ങൾ ഓരോന്നായി പാളുമ്പോൾ പ്രസിഡൻറില്ലായ്മയിൽ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിൽ മുഴുകി സംസ്ഥാന ബി.ജെ.പി നേതാക്കൾ. രാജ്യം മുഴുവൻ ഒരേ മാതൃകയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തണമെന്ന നിർദേശം കേന്ദ്ര നേതൃത്വത്തിൽനിന്ന് ലഭിച്ചത് ഈ വർഷം ആദ്യമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തി​െൻറ ഭാഗമായി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച മൂന്ന് നിർദേശങ്ങളും ജലരേഖയായി തുടരുകയാണ്. 'പഞ്ചരത്നങ്ങൾ', 'ബൈക്കുകൾ', 'പേജ് പ്രമുഖൻ' എന്നിവയായിരുന്നു കേന്ദ്ര നേതൃത്വത്തിൽനിന്ന് വന്ന നിർദേശങ്ങൾ. ഒരു ബൂത്തിൽ അഞ്ചുപേരുള്ള 'പഞ്ചരത്നങ്ങ'ളും, മൂന്ന് ബൈക്കും വേണമെന്ന് പ്രത്യേകം ഉൗന്നിപ്പറഞ്ഞിരുന്നു. പട്ടികജാതി വിഭാഗത്തിലെ ഒരു പ്രവർത്തകൻ, ഒ.ബി.സി വിഭാഗത്തിൽനിന്ന് ഒരാൾ, വനിത, യുവാവ്, ബൂത്ത് ചുമതലക്കാരൻ എന്നിങ്ങനെയുള്ള അഞ്ചുപേരെയാണ് പഞ്ചരത്നങ്ങൾ എന്ന് നേതൃത്വം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാവും വരെ മുഴുവൻ സമയവും ഉപയോഗിക്കാൻ സജ്ജമായി ഓരോ ബൂത്തിലും മൂന്ന് ബൈക്ക് വേണമെന്നും നിർദേശമുണ്ടായിരുന്നു. മറ്റൊരു പ്രധാന നിർദേശമാണ് 'പേജ് പ്രമുഖൻ'. വോട്ടർപ്പട്ടികയിലെ ഓരോ പേജും ഓരോ പ്രധാനപ്രവർത്തകർക്ക് നൽകും. വോട്ടർ പേജ് ഏൽപിക്കുന്ന പ്രമുഖനാണ് 'പേജ് പ്രമുഖൻ'. തന്നെ ഏൽപിച്ച വോട്ടർപട്ടികയിലെ പേജിലെ വോട്ടർമാരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും മേൽഘടകത്തിൽ അറിയിക്കുകയും വേണമെന്നാണ് നിർദേശം. ഇതൊന്നും സംസ്ഥാന നേതൃത്വം അറിഞ്ഞമട്ടില്ല. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങുംമുേമ്പ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഏഴ് സീറ്റാണ് ആവശ്യപ്പെടുന്നത്. പി.സി. തോമസ് മൂന്നും. എൽ.ജെ.പി, പി.എസ്.പി എന്നിവ ഓരോ സീറ്റ് വീതവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടിയിലെ പ്രശ്നങ്ങളിൽ വലയുന്നതിനിടെയാണ് ഘടകകക്ഷി സമ്മർദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.