കോട്ടയം: കേരള കോൺഗ്രസിെൻറ രാജ്യസഭ സ്ഥാനാർഥിയായി പാർട്ടി വൈസ് ചെയർമാനും കോട്ടയം എം.പിയുമായ ജോസ് കെ. മാണിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും പാലായിലുമായി വിവിധ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് തീരുമാനം. ലോക്സഭ കാലാവധി ഒരുവർഷം കൂടിയേ ഉള്ളൂവെന്നതിനാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ല എന്നതാണ് ജോസ് കെ. മാണിയെ സ്ഥാനാർഥിയാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്ന് പി.ജെ. ജോസഫ് പക്ഷത്തെ പ്രമുഖനും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫിനെ മത്സരിപ്പിക്കാൻ ധാരണയായതായാണ് സൂചന. കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ ജോസ് കെ. മാണിയുടെ ഭാര്യ നിഷയെയോ പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിനെയോ മത്സരിപ്പിക്കുമെന്നാണ് സൂചന. പി.ജെ. ജോസഫ് സീറ്റിന് വേണ്ടി തുടക്കത്തിൽ അവകാശവാദം ഉന്നയിച്ചതോടെയാണ് പാർട്ടിക്കുള്ളിൽ രാജ്യസഭ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം ഉടലെടുത്തത്. ഇതാണ് സ്ഥാനാർഥി തീരുമാനം സമവായത്തിലെത്താതെ നീളാൻ കാരണമായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എം.എൽ.എമാർ പെങ്കടുത്ത പാർലമെൻററി പാർട്ടി യോഗം ചേർന്നിരുന്നു. ഇതിൽ തീരുമാനമാകാതെ വന്നതോടെ ജോസഫും മാണിയും രഹസ്യമായി ചർച്ച നടത്തി. തുടർന്ന് മാണിയും ജോസഫും ജോസ് കെ. മാണിയും ഒന്നിച്ചിരുന്ന് ചർച്ച നടത്തി. പാലാ ചേർപ്പുങ്കലിലെ റിസോർട്ടിലായിരുന്നു രഹസ്യ ചർച്ച. മാണിയോ ജോസ് കെ. മാണിയോ സ്ഥാനാർഥിയാകുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നായിരുന്നു ജോസഫിെൻറ നിലപാട്. ഇതിന് ശേഷം രാത്രി വൈകി കെ.എം. മാണിയുടെ വസതിയിൽ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നാണ് അന്തിമ തീരുമാനമെടുത്തത്. സി.എ.എം കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.