പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച

പഴയങ്ങാടി: നട്ടുച്ചക്ക് ജ്വല്ലറിയുടെ പൂട്ട് തകർത്ത് 425 പവനും രണ്ടുലക്ഷം രൂപയും കവർന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ അൽ ഫത്തീബി ജ്വല്ലറിയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കവർച്ച. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ണൂർ സ്വദേശി എ.പി. ഇബ്രാഹീമി​െൻറ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കട ഉടമയും ജീവനക്കാരും ഏതാണ്ട് 300 മീ. അകലെയുള്ള മാടായി പള്ളിയിൽ ജുമുഅ നമസ്കാരത്തിന് പോയതായിരുന്നു. ഗ്ലാസ് വാതിലും ഷട്ടറും അടച്ച് പൂട്ടിട്ടു പൂട്ടിയായിരുന്നു നമസ്കാരത്തിന് പോയത്. തിരിച്ചുവരുമ്പോൾ പൂട്ടു തകർത്ത് ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഷട്ടർ തുറന്നതോടെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഷെൽഫിൽ ഉപഭോക്താക്കൾക്ക് കാണാൻവെച്ച സ്വർണാഭരണങ്ങളാണ് കൂടുതലും കവർന്നത്. തൂക്കം കുറഞ്ഞ പരിമിതമായ ആഭരണങ്ങൾ മാത്രമാണ് ബാക്കിയാക്കിയത്. സ്വർണവും രണ്ട് ലക്ഷം രൂപയും എ.ടി.എം കാർഡും വിലപ്പെട്ട രേഖകളും സൂക്ഷിച്ച കടയുടമയുടെ ബാഗും മോഷ്ടിച്ചു. ജ്വല്ലറിയുടെ മുൻഭാഗം തുണി ഉപയോഗിച്ച് മറച്ചതിനു ശേഷമായിരുന്നു പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്തുകടന്നത്. ജ്വല്ലറിയുടെ പുറത്തുള്ള സി.സി.ടി.വി കാമറ പെയിൻറടിച്ചു മറച്ചിരുന്നു. കടക്കകത്തെ സി.സി.ടി.വി പ്രോജക്ടറും മോണിറ്ററും മോഷ്ടിച്ചു. സംഭവമറിഞ്ഞെത്തിയ പഴയങ്ങാടി പൊലീസ് സബ് ഇൻസ്‌പെക്ടർ ബിനു മോഹ​െൻറ നേതൃത്വത്തിൽ പൊലീസ് പരിസരത്തെ നാല് കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കവർച്ച സംഘത്തിൽ മൂന്നുപേരുെണ്ടന്നാണ് പൊലീസ് നിഗമനം. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധിച്ചു. മണംപിടിച്ച പൊലീസ് നായ മാടായി കോളജ് പരിസരത്തേക്കാണ് ഒാടിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.