കോട്ടയം: കേരള കോൺഗ്രസ് എം യു.ഡി.എഫിെൻറ ഭാഗമായതോടെ സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിൽ പലയിടത്തും ഭരണമാറ്റം ഉറപ്പായി. മധ്യകേരളത്തിൽ കോട്ടയം ജില്ല പഞ്ചായത്തിലും എതാനും ഗ്രാമപഞ്ചായത്തുകളിലും വയനാട്ടിൽ സുൽത്താൻ ബത്തേരി നഗരസഭയിലും നിലവിൽ ഇടതു മുന്നണിയുമായി േചർന്ന് കേരള കോൺഗ്രസ് ഭരണം പങ്കിടുന്നുണ്ട്. സംസ്ഥാനത്ത് ഇടതു ബന്ധം പൂർണമായി അവസാനിപ്പിക്കാൻ പാർട്ടി ചെയർമാൻ കെ.എം. മാണി ജില്ല നേതൃത്വത്തിന് വെള്ളിയാഴ്ച അടിയന്തര നിർദേശം നൽകിയതോടെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതായി സഖറിയാസ് കുതിരവേലി അറിയിച്ചു. തിങ്കളാഴ്ച രാജിക്കത്ത് നൽകും. സി.പി.എം പിന്തുണയോടെ ഇവിടെ ഭരണമാറ്റം ഉണ്ടായപ്പോൾ അതിെൻറ പ്രതിഫലനം സംസ്ഥാനതലത്തിൽ തന്നെ പ്രകടമായിരുന്നു. 22 അംഗ ജില്ല പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും കേരള കോൺഗ്രസിന് ആറും അംഗങ്ങളുണ്ട്. സി.പി.എമ്മിന് ആറും സി.പി.െഎക്കും ജനപക്ഷത്തിനും ഒന്നുവീതവും അംഗങ്ങളാണുള്ളത്. പാലായിെല മുന്നിലവ് ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും പരസ്പരം മത്സരിച്ചതിെൻറ ചുവടുപിടിച്ചായിരുന്നു ജില്ല പഞ്ചായത്തിലെ നീക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ജില്ലയിലും പുറത്തുമായി നിരവധി തദ്ദേശസ്ഥാപനങ്ങളിൽ സി.പി.എമ്മുമായി ചേർന്ന് കേരള കോൺഗ്രസ് അധ്യക്ഷ സ്ഥാനം പങ്കിട്ടു. കോട്ടയം ജില്ലയിൽ മണിമല വെള്ളാവൂർ പഞ്ചായത്തിൽ ഇടതു മുന്നണിയുമായി നിലവിൽ ഭരണം പങ്കിടുന്നുണ്ട്. അവിടെയും രാജി ഉടൻ ഉണ്ടാകും. മാണി യു.ഡി.എഫ് വിട്ടയുടൻ പാല-കടുത്തുരുത്തി-പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഏതാനും പഞ്ചായത്തുകളിൽ ഭരണമാറ്റം ഉണ്ടായെങ്കിലും ഭരണത്തിന് കാലാവധി നിശ്ചയിച്ചിരുന്നതിനാൽ നിലവിൽ ഒരിടത്തും കൂട്ടുഭരണമില്ല. മുന്നിലവ്-മുത്തോലി പഞ്ചായത്തുകളിൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ രണ്ട് വാർഡുകളിൽ പ്രധാന മത്സരം കോൺഗ്രസും കേരള കോൺഗ്രസും തമ്മിലായിരുന്നു. കേരള കോൺഗ്രസ് യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കും മുമ്പുതന്നെ സുൽത്താൻബത്തേരിയിൽ പാർട്ടി യു.ഡി.എഫ് വിട്ടിരുന്നു. പിന്നീട് ഇടതുമുന്നണിയുമായി േചർന്ന് കേരള കോൺഗ്രസിലെ ടി.എൽ. സാബു ബത്തേരി നഗരസഭ ചെയർമാനായി. ഇൗ സ്ഥാനവും രാജിവെക്കാൻ മാണി നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ കേരള കോൺഗ്രസിെൻറ പിന്തുണയോടെ ഇടതുമുന്നണി ഭരണം പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങൾ ഒന്നും നിലവിലില്ല. യു.ഡി.എഫ് വിട്ടപ്പോൾ ഇതിനുള്ള നീക്കം നടന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. ഇടുക്കിയിൽ കൊന്നത്തടി പഞ്ചായത്തിലാണ് ഇടതു പിന്തുണയോടെ കേരള കോൺഗ്രസ് ഭരണം പങ്കിടുന്നത്. ഇടുക്കിയിൽ തദ്ദേശസ്ഥാപനങ്ങളിൽ ഭരണമാറ്റത്തിന് നീക്കം നടന്നെങ്കിലും കേരള കോൺഗ്രസിെൻറ ഇടതുബന്ധത്തെ തുടക്കം മുതൽ എതിർത്തുപോന്ന പി.ജെ. ജോസഫിെൻറ ഇടപെടൽ തിരിച്ചടിയായി. യു.ഡി.എഫുമായി അദ്ദേഹം നല്ലബന്ധം നിലനിർത്തുകയും ചെയ്തു. അതേസമയം, നേതാക്കൾ ഒത്തുതീർപ്പിലെത്തിയെങ്കിലും കേരള കോൺഗ്രസുമായി ധാരണയിൽ പോകാൻ പലയിടത്തും കോൺഗ്രസ് നേതാക്കൾ തയാറല്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ. ജില്ല പഞ്ചായത്ത് ഭരണം അട്ടിമറിച്ചപ്പോൾ തുടങ്ങിയ എതിർപ്പ് ഇപ്പോഴും തുടരുന്നു. വരുന്ന കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പിലും ഇതുണ്ടാകുമെന്ന ആശങ്കയും മാണിഗ്രൂപ്പിനുണ്ട്. കോട്ടയത്തിന് പകരം വയനാട് വേണമെന്ന് മാണി ആവശ്യപ്പെടുന്നതും എതിർപ്പ് മുന്നിൽ കണ്ടാണ്. ഇടതുബന്ധത്തിലൂടെ അപ്രതീക്ഷിത സ്ഥാനമാനങ്ങൾ ലഭിച്ചവർക്ക് അത് നഷ്ടമാകുമെന്ന ഭയവും സ്ഥാനം നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയുമാണ്. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.