ഇലക്ട്രിക് ബസുകൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും പാലാ: കുറഞ്ഞ സമയപരിധിക്കുള്ളിൽ കേരളത്തിലെ 80 ശതമാനം പൊതുഗതാഗതം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങളുമായാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുന്നതെന്ന് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി. നിലവിൽ 20 ശതമാനം മാത്രമേ കെ.എസ്.ആർ.ടി.സിക്കുള്ളൂ. ബാക്കി സ്വകാര്യ മേഖലയിലാണ്. ഈ സ്ഥിതി മാറിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജില്ലതല ഗാരേജ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 18 മുതൽ ഇലക്ട്രിക് ബസുകൾ തലസ്ഥാനത്ത് ഓടിത്തുടങ്ങും. പരിശീലന ഓട്ടം തിങ്കളാഴ്ച ആരംഭിക്കും. ഉടൻ കോഴിക്കോട്, തൃശൂർ, കണ്ണൂർ, കൊല്ലം മേഖലകളിലേക്കും ഇലക്ട്രിക് ബസുകൾ വ്യാപിപ്പിക്കും. ബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്താനും നടപടി തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സൂപ്പർഫാസ്റ്റ് ബസുകളിലാണ് ഇത് ഏർപ്പെടുത്തുന്നത്. ഉയർന്നതരത്തിലുള്ള ബസുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തും. ഓർഡിനറി ബസിന് പോലും ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും. കോർപറേഷൻ സോണൽ ഓഫിസർ താജുദ്ദീൻ, പാലാ എ.ടി.ഒ തോമസ് മാത്യു, ജില്ലയിലെ ഇതര ഡിപ്പോ മേധാവികൾ, ജീവനക്കാർ, യൂനിയൻ നേതാക്കൾ തുടങ്ങിയവർ ചേർന്ന് എം.ഡിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.