അന്തർസംസ്ഥാന വാഹന മോഷണം; പ്രധാന പ്രതി പിടിയിൽ

കട്ടപ്പന: വാഹനങ്ങൾ വാടകക്കെടുത്ത് തമിഴ്നാട്ടിൽ പണയപ്പെടുത്തുകയും മോഷ്ടിച്ച വാഹനങ്ങൾ തമിഴ്നാട്ടിൽ വിൽപന നടത്തുകയും ചെയ്ത അന്തർ സംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാനിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കുന്തളംപാറ പറങ്കിമാമ്മൂട്ടിൽ അരുൺരാജിനെയാണ് (27) അറസ്റ്റ് ചെയ്തത്. കട്ടപ്പനയിൽനിന്ന് വാടകക്കെടുത്ത മൂന്ന് വാഹനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പിടിയിലായത്. വിവിധ സ്‌റ്റേഷനുകളുടെ പരിധിയിൽനിന്നായി 10ഓളം വാഹനങ്ങൾ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്ത് പണയപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ തമിഴ്നാട്ടിൽ പണയംവെക്കുകയോ വിറ്റഴിക്കുകയോ ആയിരുന്നു സംഘത്തി​െൻറ പ്രവർത്തനരീതി. പരിചയക്കാരുടെയും മറ്റും വാഹനങ്ങൾ വാടകക്കെടുത്താണ് പണം തട്ടിയിരുന്നത്. ഇയാളുടെ സംഘത്തിലെ അംഗങ്ങൾ മോഷ്ടിച്ചു കൊണ്ടുവരുന്ന വാഹനങ്ങളും തമിഴ്‌നാട്ടിൽ എത്തിച്ച് മറിച്ചുവിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. കൈനടി, അടൂർ, കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധികളിലും ഇയാൾ സമാനതട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. മുമ്പ് ഉപ്പുതറയിൽ മൊബൈൽ കട നടത്തിയിരുന്ന ഇയാൾ കൊല്ലത്ത് ഒളിവിൽ കഴിയവെയാണ് പിടിയിലായത്. കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാർ, എസ്.ഐ സന്തോഷ് സജീവ്, എ.എസ്.ഐ എൻ.എൻ. റെജി, സി.പി.ഒമാരായ സുനിൽ, പ്രശാന്ത്, അനീഷ്, ഷമീർ, സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. നാല് വാഹനം പൊലീസ് കണ്ടെത്തി. വാഹന മോഷണ തട്ടിപ്പ് സംഘത്തിലെ മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.