കോലഞ്ചേരി: യാക്കോബായ സഭ പ്രാദേശിക തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ രാജിസന്നദ്ധത അറിയിച്ചു. സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവക്ക് നൽകിയ കത്തിലാണിത്. ഇക്കാര്യം സ്ഥിരീകരിച്ച് കാതോലിക്ക മെത്രാപ്പോലീത്തമാർക്ക് കത്തയച്ചു. സഭ കേസുകളിലെ നിരന്തര തോൽവി യാക്കോബായ സഭയുടെ നിലനിൽപ് ചോദ്യം ചെയ്തതോടെ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ രോഷം ശക്തമായിരുന്നു. ഇത് പരസ്യ പ്രതിഷേധങ്ങൾക്കും വഴിെവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച നടന്ന സുന്നഹദോസിൽ സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ട്രസ്റ്റി തമ്പു ജോർജ് എന്നിവർ രാജിെവച്ചത്. ഇതിന് പിന്നാലെയാണ് താൻ രാജിതാൽപര്യം അറിയിച്ച് കത്തയച്ചതായി കാതോലിക്ക ബാവ മെത്രാപ്പോലീത്തമാരെ അറിയിച്ചത്. അടുത്ത മാസം 12ന് ചേരുന്ന സഭ സുന്നഹദോസ് ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. അതേസമയം, രാജി പ്രഖ്യാപനങ്ങൾ നാടകമാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം വിശ്വാസികൾ രംഗത്തുവന്നിട്ടുണ്ട്. നേതൃത്വത്തിനെതിരെ വിശ്വാസികളിലുണ്ടായ രോഷം ശമിപ്പിക്കലാണ് ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.