വീണുകിട്ടിയ മഴ: ടെൻഷൻ ഫ്രീ 'ജലവർഷ'ത്തിലേക്ക്​ സർക്കാർ

തൊടുപുഴ: നിനച്ചിരിക്കാതെയും കണക്കുകൂട്ടൽ തെറ്റിച്ചും കോരിച്ചൊരിഞ്ഞ മഴ, വെള്ളിയാഴ്ച തുടങ്ങുന്ന പുതിയ 'ജലവർഷ'ത്തിൽ വൈദ്യുതി ബോർഡിന് പ്രതീക്ഷയേകുന്നു. കൊടുംചൂടിൽ ഉപഭോഗം റെക്കോഡിലേക്ക് നീങ്ങവെയാണ് പദ്ധതി പ്രദേശങ്ങളിലടക്കം ഒരുമാസത്തിലേറെ മഴ കനത്തതും അണക്കെട്ടുകളിൽ ഇരട്ടിയിലേറെ ജലം ഒഴുകി എത്തിയതും. ഇതാകെട്ട എല്ലാകാലത്തെയും ആശ്രയമായ കാലവർഷം തുടങ്ങും മുമ്പ്. ഉപഭോഗം കുറഞ്ഞതിലൂടെയും പ്രതിസന്ധി മറികടക്കാൻ തക്ക ജലം ലഭ്യമായതിലൂടെയും ഇരട്ടലാഭമാണ് ഇതിലൂടെയുണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാലവർഷം അൽപം കുറഞ്ഞാൽപോലും പിടിച്ചുനിൽക്കാൻ കഴിയുമെന്ന ആശ്വാസവും അപ്രതീക്ഷിത മഴ മൂലം ലഭ്യമായി. ജൂൺ ഒന്നു മുതൽ മേയ് 31വരെയാണ് വൈദ്യുതി ബോർഡ് ജലവർഷമായി കണക്കാക്കുന്നത്. വേനൽ കടന്ന ശേഷവും നിശ്ചിത ജലത്തിലും ഇരട്ടിയിലേറെ അണക്കെട്ടിലുള്ളത് അടുത്ത വേനൽവരെ അനായാസം മുന്നോട്ടുപോകുന്നതിനുള്ള പ്രചോദനവുമാണ് ബോർഡിന്. പതിവ് തലവേദനയായ പവർകട്ട്, ലോഡ്ഷെഡിങ് എന്നിവക്ക് വിദൂര സാധ്യത മാത്രമെന്ന നേട്ടം സർക്കാറിനും. ജൂണ്‍ ഒന്നിന് 450 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളില്‍ കരുതലും ശരാശരി മഴയും കിട്ടിയാൽ കുഴപ്പം കൂടാതെ 'ജലവർഷം' കടക്കാമെന്നാണ് ബോര്‍ഡി​െൻറ ജലവിനിയോഗ മാനദണ്ഡം. എന്നാൽ, 1000.009 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അണക്കെട്ടുകളിലെല്ലാമായി ഇപ്പോൾ തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 502.237 ദശലക്ഷം യൂനിറ്റിനുള്ള ജലമാണ് ഉണ്ടായിരുന്നത്. നീരൊഴുക്കില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 37 ശതമാനത്തി​െൻറ വർധനയും കാണിക്കുന്നു. 88 ശതമാനം നീരൊഴുക്കാണ് വ്യാഴാഴ്ചവരെ. കഴിഞ്ഞ വര്‍ഷം 51 ശതമാനമായിരുന്നു നീരൊഴുക്ക്. മേയ് ഒന്നു മുതല്‍ ഇതുവരെ 209.924 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള ജലമാണ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത്. 137.32 ദശലക്ഷമായിരുന്നു പരമാവധി പ്രതീക്ഷ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമാകുന്നതോടെ നീരൊഴുക്ക് ഇനിയും വർധിക്കും. കാലവര്‍ഷവും തുലാമഴയും ശക്തമാകുന്ന പക്ഷം ഇക്കുറി അണക്കെട്ടുകള്‍ ശേഷിയുടെ 80-88 ശതമാനംവരെ നിറയുമെന്നാണ് കണക്കാക്കുന്നത്. ഏറ്റവും വലിയ കരുതല്‍ സംഭരണിയായ ഇടുക്കി അണക്കെട്ട് ഇപ്പോൾ തന്നെ നാലിലൊന്ന് നിറഞ്ഞുകിടക്കുകയാണ്. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.