മുളക്കുഴ: ചെങ്ങന്നൂരിൽ എൽ.ഐ.സി ഏജൻറുമാരുടെ സഹകരണ സംഘം രൂപവത്കരിച്ച് ഏജൻറുമാർതന്നെ 5.95 കോടിയോളം തട്ടിയെടുത്തു. ചെങ്ങന്നൂർ എൽ.ഐ.സി ബ്രാഞ്ചിലെ ഏജൻറുമാർ അംഗങ്ങളായി 1992ലാണ് എ 931ാം നമ്പർ എൽ.ഐ.സി ഏജൻറ് സഹകരണ സംഘം രൂപവത്കരിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥിരം ഡയറക്ടർ ബോർഡ് അംഗങ്ങൾ ഭരണാധികാരികളായി പ്രവർത്തിച്ച് 5,95,93,648 രൂപ തട്ടിയെടുത്തെന്നാണ് നിക്ഷേപകർ പറയുന്നത്. ഒരംഗത്തിന് പരമാവധി രണ്ടരലക്ഷം രൂപ മാത്രം വായ്പ അനുവദിക്കാമെന്നിരിക്കെ തങ്ങളുടെ ഇഷ്ടക്കാർക്ക് രണ്ടുകോടിയോളം രൂപവരെ വായ്പ നൽകിയെന്നും ഭരണഘടന ലംഘിച്ച് അംഗങ്ങളിൽനിന്നും അംഗങ്ങളല്ലാത്ത പൊതുജനങ്ങളിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചെന്നും പണം നഷ്ടപ്പെട്ടവർ പറയുന്നു. വൻ പലിശ വാഗ്ദാനം ചെയ്ത് ഏജൻറുമാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ഈ സഹകരണ സംഘം നിക്ഷേപങ്ങൾ സ്വീകരിച്ചു. തിരിച്ചുകിട്ടാതായതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തുവരുകയായിരുന്നു. 6.15 കോടി രൂപ തട്ടിപ്പ് നടത്തിയതായി 2015 മുതൽ പരാതി ഉണ്ടാവുകയും ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ തുടർനടപടിയില്ലെന്നാണ് നിക്ഷേപകരുടെ പരാതി. പതിനഞ്ചോളം അംഗങ്ങളാണ് തട്ടിപ്പിന് നേതൃത്വം കൊടുത്തതെന്നാണ് ആക്ഷേപം. തട്ടിപ്പ് നടത്തിയ എൽ.ഐ.സി ഏജൻറുമാരായ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ നടപടി വേണമെന്നാണ് നിക്ഷേപകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.