നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങളെ അനുനയിപ്പിക്കാൻ ഡി.സി.സിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഇടുക്കിയിൽ നടന്ന ചർച്ചയിൽ സസ്പെൻഡ് ചെയ്തവരെ കെ.പി.സി.സി നിർദേശപ്രകാരം തിരിച്ചെടുക്കാൻ തീരുമാനിച്ചു. തീരുമാനത്തിൽ ക്ഷുഭിതനായി അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡൻറിന് വീണ്ടും അവസരം നൽകണമെന്നും അല്ലാത്തപക്ഷം താൻ ബ്ലോക്ക് അംഗത്വത്തോടൊപ്പം കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെക്കുമെന്ന് പറഞ്ഞ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി നിർവാഹകസമിതി അംഗവും കൂടിയായ ശ്രീമന്ദിരം ശശികുമാറാണ് പാർട്ടിയിൽനിന്ന് രാജിവെക്കുമെന്ന ഭീഷണി മുഴക്കിയത്. ആറ് മാസത്തേക്ക് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത അഞ്ച് കോൺഗ്രസ് അംഗങ്ങളെയാണ് ഉപാധികളോടെ പാർട്ടിയിൽ തിരിച്ചെടുക്കാൻ ശനിയാഴ്ച നടന്ന ചർച്ചയിൽ തീരുമാനമായത്. സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചതോടൊപ്പം വീണ്ടും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചർച്ച നടത്താനും കെ.പി.സി.സി നിർദേശിക്കുന്ന ആളെ പ്രസിഡൻറ് സ്ഥാനാർഥിയാക്കാനുമാണ് തീരുമാനം. സസ്പെൻഡ് ചെയ്ത് തിരിച്ചെടുത്തവരിൽ ഒരാളെ പ്രസിഡൻറാക്കാനാണ് നീക്കം. അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡൻറിനൊപ്പം രണ്ട് കോൺഗ്രസ് അംഗങ്ങളുണ്ട്. അവർ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം 29ന് ബ്ലോക്ക് പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാറിനെതിരെ ഭരണസമിതിയിലെ ആറ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്ന അഞ്ച് കോൺഗ്രസ് അംഗങ്ങളും ഒരു കേരള കോൺഗ്രസ് അംഗത്തിനുമൊപ്പം സി.പി.എമ്മിെൻറ നാല് അംഗങ്ങൾ കൂടി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.