ബംഗളുരു: കർണാടക പൊതുമരാമത്തു മന്ത്രിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മൂത്ത സഹോദരനുമായ എച്ച്.ഡി. രേവണ്ണ ദിവസവും തെൻറ വീട്ടിൽനിന്ന് ഓഫിസിലേക്കും തിരിച്ചും സഞ്ചരിക്കുന്നത് 342 കിലോമീറ്റർ!. ഔദ്യോഗിക വസതി ഒഴിഞ്ഞുകിട്ടാത്തതിനാലും ജ്യോതിഷപ്പേടി കാരണം ബംഗളൂരുവിലെ സ്വന്തം വീട്ടിൽ രാത്രി താമസിക്കാത്തതിനാലുമാണ് മന്ത്രിയുടെ ഈ ബഹുദൂര യാത്ര. ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിലെ വീട്ടിൽനിന്നും ബംഗളുരൂവിലേക്കാണ് ദിവസവും മന്ത്രിയുടെ യാത്ര. ബംഗളൂരു ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ സ്വന്തം വീടുണ്ടെങ്കിലും മന്ത്രിയായിരിക്കുന്നിടത്തോളം കാലം ആ വീട്ടിൽ അന്തിയുറങ്ങുന്നത് നല്ലതല്ലെന്ന ജ്യോതിഷിയുടെ അഭിപ്രായം പരിഗണിച്ചാണിത്. ഇതോടെ തെൻറ മണ്ഡലമായ ഹൊളെ നരസിപുരയിലേക്കു കുടുംബ സമേതം താമസം മാറ്റുകയായിരുന്നു. എച്ച്.ഡി രേവണ്ണക്കു ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ല. കുമാര പാർക്ക് വെസ്റ്റ് എൻഡ് വസതിയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ, മുൻ പൊതുമരാമത്തു മന്ത്രി എച്ച്.സി. മഹാദേവപ്പയാണ് ഇവിടെ കുടുംബസമേതം കഴിയുന്നത്. വസതി ഒഴിയാൻ ഇനിയും മൂന്നുമാസം കാലാവധിയുണ്ട്. അത്രയും കാലം മന്ത്രി രേവണ്ണയും ഈ ബഹുദൂര യാത്ര ദിനേന തുടരും. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് പൂജയും പ്രാർഥനയും കഴിഞ്ഞാൽ രാവിലെ ഏഴുമുതൽ എട്ടുവരെ സന്ദർശകർക്കുള്ള സമയമാണ്. പിന്നീട് ബംഗളൂരുവിലേക്ക് കാറിൽ പുറപ്പെടുന്ന മന്ത്രി 11ഓടെ വിധാൻ സൗധയിൽ ഹാജരാകും. വൈകീട്ട് പദ്മനാഭനഗറിൽ പിതാവും ജെ.ഡി.എസ് ദേശീയാധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ട് രാത്രി 8. 30ഓടെ മടക്കം. കാറിലും വീട്ടിലുമായി ഉറക്കം. ഇതാണ് ഇപ്പോൾ മന്ത്രിയുടെ ദിനചര്യ. ഉറച്ച ജ്യോതിഷ വിശ്വാസിയായ എച്ച്.ഡി രേവണ്ണ വോട്ടിങ് സമയത്ത് നല്ല ഫലത്തിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനിെൻറ ദിശ മാറ്റിയത് വാർത്തയായിരുന്നു. മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തീയതിയും സമയവും മന്ത്രിസഭാ വികസന പ്രഖ്യാപനത്തിെൻറയും ബജറ്റ് അവതരണത്തിെൻറയും തീയതിയുമെല്ലാം നിശ്ചയിച്ചുനൽകിയതും രേവണ്ണയാണ്. മന്ത്രി രേവണ്ണ പങ്കെടുക്കേണ്ട പൊതുപരിപാടികൾ പോലും മുഹൂർത്തം നോക്കിയാണ് തീരുമാനിക്കുകയെന്ന് അദ്ദേഹത്തിെൻറ ഓഫിസ് വൃത്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.