തൊടുപുഴ: വേനൽ നേരേത്ത കനത്തു. ഒപ്പം പശ്ചിമഘട്ട വനമേഖലയിൽ കാട്ടുതീയും പടരുന്നു. വേനലിലെ കാട്ടുതീ സാധ്യത മറയാക്കി ബോധപൂർവം സൃഷ്ടിക്കുന്നതാണ് തീയിൽ 90 ശതമാനവുമെന്ന് വനം വകുപ്പ് സർവേ പറയുന്നു. അശ്രദ്ധയോടെ തീ കൈകാര്യം െചയ്യുന്ന പൊതുരീതിയുടെ ഭാഗമായി പടർന്നുപിടിക്കുന്നതും ഇതിൽപെടും. പത്ത് ശതമാനം മാത്രമാണ് സ്വാഭാവിക കാട്ടുതീ. രണ്ടാഴ്ചക്കിടെ 450 ഹെക്ടറോളം വന ഭൂമിയാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കത്തിനശിച്ചത്. പെരിയാർ ടൈഗർ റിസർവിലെ മുറിഞ്ഞപുഴ വനത്തിൽ രണ്ടു ദിവസമായി കത്തുന്ന തീയിൽ 300 ഹെക്ടറോളം വനഭൂമി നശിച്ചു. പുറക്കയം-പന്നിയാർ തീരം എന്നിവിടങ്ങളിലാണ് തീ പടർന്നത്. റോഡിനും വനത്തിനുമിടയിൽ അഞ്ചരമീറ്ററോളം വീതിയിൽ (ഫയർ ലൈൻ) വെട്ടിത്തെളിക്കുന്ന നടപടികളുമായി വനം വകുപ്പ് രംഗത്തുണ്ടെങ്കിലും കാട്ടുതീ പ്രതിരോധത്തിന് ഇത് പോരാതെവരുന്നു. ഫോറസ്റ്റ് വാച്ചർമാരെ കൂടാതെ വനവാസികളായ പത്തുപേരെകൂടി ഉൾപ്പെടുത്തി ഫയർ ഗ്യാങ്ങുകൾ രൂപവത്കരിച്ചിട്ടുണ്ട്. കാട് കത്തിനിശിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഓരോ വർഷവും കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നാണ് കാട്ടുതീ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വനവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പിടിയിലാകുന്നവരും വനം കൊള്ളക്കാരും വനമേഖലയിലെ കാട്ടുതീക്കുപിന്നിൽ പ്രവർത്തിക്കുന്നതായാണ് വനം വകുപ്പ് നിഗമനം. വനാതിർത്തിയിൽ താമസിക്കുന്നവർ കൃഷിക്കായും മറ്റും തീയിടാറുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിനോദസഞ്ചാരികളുടെ അലക്ഷ്യമായ പ്രവർത്തനങ്ങളും കാട്ടുതീക്ക് കാരണമാകുന്നുണ്ട്. ജനുവരിമുതൽ ഏപ്രിൽവരെ കടുത്ത വേനൽക്കാലത്ത് മുറിഞ്ഞപുഴ വനത്തിൽ തീപടരുന്നത് പതിവാണ്. ഉൾവനത്തിൽ പടരുന്ന തീയണക്കാൻ സാധിക്കാത്തതിനാൽ ദിവസങ്ങളോളം കത്തിയശേഷം അണയുകയാണ് പതിവ്. ഉൾവനത്തിലായതിനാൽ കൃത്യമായ കണക്കെടുപ്പും നടന്നിട്ടില്ല. ജില്ല ആസ്ഥാനത്ത് മീൻമുട്ടി വനമേഖലയുൾപ്പെടെ 120 ഹെക്ടറോളം കാട്ടുതീയിൽ കഴിഞ്ഞദിവസം ചാമ്പലായി. കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലമുതൽ കുളമാവുവരെ വനമാണ് തീ വിഴുങ്ങിയത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയുടെ ഇരുവശത്തുമായി വ്യപിച്ചുകിടക്കുന്ന വനപ്രദേശമാണിവിടം. ഫയർ ലൈൻ തെളിക്കാത്തതും ചിലയിടങ്ങളിൽ തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. അഫ്സൽ ഇബ്രാഹിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.