കലക്ടറുടെ ചേംബറിന്​ മുന്നിൽ മുൻ സ്വകാര്യ ബസ് ജീവനക്കാര​െൻറ ആത്മഹത്യശ്രമം

കോട്ടയം: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള കുടിശ്ശിക രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടർന്ന് കോട്ടയം കലക്ടറുടെ ചേംബറിന് മുന്നില്‍ മുൻ സ്വകാര്യ ബസ് ജീവനക്കാര​െൻറ ആത്മഹത്യശ്രമം. കലക്ടറെ നേരിൽകണ്ട് പരാതി പറയാനുള്ള ശ്രമം സുരക്ഷ ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ആര്‍പ്പൂക്കര ഏറത്ത്‌ വീട്ടിൽ ഇ.ടി. വര്‍ഗീസ് (71) കൈ ഞരമ്പ് മുറിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 1.30ഒാടെയായിരുന്നു നാടകീയ സംഭവങ്ങൾ. തുടർന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. കോട്ടയം-കോരുത്തോട് റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഗ്രേസ് ബസിലെ ജീവനക്കാരനായിരുന്നു വര്‍ഗീസ്. 20 വര്‍ഷത്തോളം ഈ ബസില്‍ ജോലി ചെയ്തിരുന്നു. 1996ൽ സര്‍വിസില്‍നിന്ന് വിരമിച്ചു. അന്നുവരെ അടച്ച ക്ഷേമനിധി തുകയായ 96,000 രൂപക്കുപകരം 36,000 മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് വര്‍ഗീസി​െൻറ പരാതി. ബാക്കി തുക ലഭിക്കണമെന്നാവശ്യപ്പെട്ട് 20 വര്‍ഷമായി ക്ഷേമനിധി ഓഫിസിലും കലക്ടറേറ്റിലും കയറിയിറങ്ങിയിട്ടും തുക ലഭിച്ചില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് കലക്ടറുടെ ചേംബറിൽ എത്തിയത്. പണം ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് എത്തിയതെന്ന് വര്‍ഗീസ് പറഞ്ഞു. ചേംബറില്‍ പ്രവേശിച്ച് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ജീവനക്കാർ കടത്തിവിട്ടില്ല. ഇതോടെ സന്ദര്‍ശക മുറിയില്‍ നിന്ന് വലതുൈകയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ചേംബറിലുണ്ടായിരുന്നവർ ബഹളം െവച്ചതോടെ ജീവനക്കാര്‍ എത്തി വര്‍ഗീസിനെ റവന്യൂ വകുപ്പി​െൻറ വാഹനത്തില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ഡോക്ടർമാർ പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചു. അതേസമയം, വര്‍ഗീസി​െൻറ ആവശ്യം സംബന്ധിച്ച് തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ ആശുപത്രിയിൽ നേരിെട്ടത്തി വർഗീസിനെ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കലക്ടർക്ക് നൽകാനായി വർഗീസ് െകാണ്ടുവന്ന പരാതിയിൽ വ്യക്തതയില്ലാത്തതിനാലാണ് നേരിൽ കണ്ടതെന്നും ഇക്കാര്യത്തിൽ രേഖകൾ പരിശോധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസി​െൻറ പരാതിയിൽ തീർപ്പ് കൽപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അധികൃതരും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.