കോട്ടയത്തെ കുട്ടികളുടെ പാർക്ക് നവീകരണത്തിന്​ നഗരസഭ അടച്ചുപൂട്ടിയിട്ട് മൂന്നുവർഷം

കോട്ടയം: നിർമാണങ്ങൾക്കായി മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടിയ നാഗമ്പടത്തെ കുട്ടികളുടെ പാർക്ക് ഇന്നും അടഞ്ഞുതന്നെ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ച 94 ലക്ഷം രൂപയുടെ നിർമാണങ്ങൾക്കായാണ് നഗരസഭ പാർക്ക് 2014ൽ അടച്ചത്. മാസങ്ങളായി നിര്‍മാണം പൂര്‍ണമായി നിലച്ചു. ഫണ്ട് ചെലവഴിക്കുന്നതിൽ ഉേദ്യാഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണ് പാർക്ക് തുറക്കാൻ തടസ്സമെന്നാണ് നഗരസഭയുടെ വിശദീകരണം. ആധുനിക രീതിയില്‍ പാര്‍ക്ക് സജ്ജമാക്കി കുട്ടികള്‍ക്ക് കളിക്കാൻ കൂടുതല്‍ സംവിധാനം ഒരുക്കുന്നതായിരുന്നു പദ്ധതി. താഴ്ന്ന ഭൂമിയായതിനാൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് പരിഹരിക്കാൻ ചില ഭാഗത്ത് മണ്ണിട്ടുയർത്തിയത് മാത്രമാണ് നടന്നത്. ബഞ്ചമിന്‍ ബെയ്ലിയുടെ പ്രതിമയും ബഹുരൂപി ശിൽപവുമടക്കം സ്ഥാപിച്ച പാർക്ക് ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. പ്രമുഖ ശിൽപി രാധാകൃഷ്ണൻ മുഴുവൻ ചെലവും സ്വയം വഹിച്ച് നിർമിച്ചുനൽകിയതാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ബഹുരൂപി ശിൽപങ്ങൾ. ആരും തിരിഞ്ഞുനോക്കാതെ കാടുപിടിച്ചുകിടക്കുന്ന ഇവിടെ അനാഥാവസ്ഥയിൽ നശിക്കുകയാണ് ഇവ. ഇവിടത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കളിക്കോപ്പുകള്‍ എവിടെയെന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ മറുപടിയില്ല. സൗന്ദര്യവത്കരണത്തിനായി വെച്ചുപിടിപ്പിച്ച വിലപിടിപ്പുള്ള പല ചെടികളും മരങ്ങളും കാണാനില്ല. നവീകരണത്തി​െൻറമറവിൽ മറ്റാര്‍ക്കോ മറിച്ചുവിറ്റെന്ന ആക്ഷേപവും ഉയർന്നിരുന്നു. കോട്ടയം നഗരത്തില്‍ കുടുംബങ്ങളുടെ ഏക അവധിദിന സന്ദര്‍ശനസ്ഥലമായിരുന്നു പാര്‍ക്ക്. ഇത് പഴയ നിലയിലാകണമെങ്കില്‍ കടമ്പകള്‍ പലതും കടക്കണം. പാര്‍ക്ക് മുമ്പ് ധാരാളം കളിക്കോപ്പുകളാലും തണല്‍മരങ്ങളാലും സമ്പന്നമായിരുന്നു. അവധിക്കാലത്തും വൈകുന്നേരങ്ങളിലും നൂറുകണക്കിന് കുട്ടികളാണ് പാര്‍ക്കില്‍ എത്തിയിരുന്നത്. പത്തുരൂപ മാത്രമായിരുന്നു നാഗമ്പടം പാര്‍ക്കിലെ ഫീസ്. മൂന്നര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാര്‍ക്കി​െൻറ നവീകരണത്തിനുള്ള മുഴുവന്‍ എസ്റ്റിമേറ്റ് തുകയും എം.എല്‍.എ ഫണ്ടില്‍നിന്ന് ചെലവഴിക്കുന്നതാണ് പദ്ധതി. കുട്ടികള്‍ക്ക് കളിക്കാൻ ആധുനിക നിലവാരത്തില്‍ സംവിധാനങ്ങള്‍, പുതിയ കളിപ്പാട്ടങ്ങള്‍, റിഫ്രഷ്‌മ​െൻറുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഉള്‍പ്പെടും. എന്നാല്‍, അവ യാഥാർഥ്യമാക്കാതെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി നിര്‍മാണം നീട്ടിവെക്കുകയാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.