പത്തനംതിട്ട: പൊതുമേഖല സ്ഥാപനമായ കേരള വനം വികസന കോർപറേഷനിലെ (കെ.എഫ്.ഡി.സി) മാനേജിങ് ഡയറക്ടർ നിയമനം വിവാദത്തിലേക്ക്. 2005ൽ ഭേദഗതിചെയ്ത കെ.എഫ്.ഡി.സിയുടെ സർവിസ് ചട്ടപ്രകാരം മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടേണ്ടത് വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ തസ്തികയിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ ആയിരിക്കണമെന്നിരിക്കെ, ജൂനിയർ തസ്തികയായ െഡപ്യൂട്ടി കൺസർവേറ്ററെയാണ് നിയമിച്ചത്. സർവിസിൽനിന്ന് വിരമിക്കുകയും െഎ.എഫ്.എസ് ലഭിച്ചതിനെത്തുടർന്ന് മടങ്ങിയെത്തുകയും ചെയ്ത പി.ആർ. സുരേഷിനെയാണ് എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്. അഡീഷനൽ പ്രിൻസിപ്പൽ സി.സി.എഫ് ബെന്നിച്ചൻ തോമസിന് പകരക്കാരനായാണ് െഎ.എഫ്.എസിലെ പ്രവേശന തസ്തിയായ െഡപ്യൂട്ടി കൺസർവേറ്ററെ നിയമിച്ച് ഉത്തരവിറങ്ങിയത്. കെ.എഫ്.ഡി.സി ജനറൽ മാനേജറുടേത് കൺസർവേറ്ററുടേതിന് തുല്യമായ തസ്തികയാണ് എന്നതും ഗൗരവം വർധിപ്പിക്കുന്നു. ജനറൽ മാനേജറുടെ തസ്തികയും തരം താഴ്ത്തേണ്ടിവരും. വനം മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗത്തിെൻറ ബന്ധുവാണ് ഇപ്പോൾ നിയമിക്കപ്പെട്ട ഉദ്യോഗസഥൻ. 1975ലെ സർവസ് ചട്ടമനുസരിച്ച് കൺസർവേറ്ററായിരുന്നു കെ.എഫ്.ഡി.സി എം.ഡിയായി നിയമിക്കപ്പെടേണ്ടത്. റീജനൽ മാനേജർ െഡപ്യൂട്ടി കൺസർവേറ്ററും അസി. മാനേജർമാർ റേഞ്ച് ഒാഫിസർമാരും ആയിരുന്നു. 2005ൽ ഭേദഗതി ചെയ്തപ്പോഴാണ് എം.ഡിയുടേത് ചീഫ് കൺസർവേറ്ററും ജനറൽ മാനേജറുടേത് കൺസർവേറ്ററുടേതുമാക്കിയത്. സർവിസ് ചട്ടം ഭേദഗതിചെയ്യാതെയാണ് ഇപ്പോഴത്തെ നിയമനം. 2015ൽ െഎ.എഫ്.എസ് നൽകപ്പെട്ട പി.ആർ. സുരേഷിനെ നിയമിച്ച ഉത്തരവിൽ എം.ഡിയുടെ തസ്തിക െഡപ്യൂട്ടി കൺസർവേറ്ററുടേതിന് തുല്യമാക്കി എന്ന ഒരു വാചകം മാത്രമാണുള്ളത്. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെ.എഫ്.ഡി.സി. മൂന്നാർ മീശപ്പുലിമല, ഗവി, നെല്ലിയാമ്പതി, അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ കെ.എഫ്.ഡി.സിയാണ് നടത്തുന്നത്. ഇതിനുപുറെമയാണ് ഏലം, തേയില, കാപ്പി തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്നത്. ശ്രീലങ്കൻ അഭയാർഥികളടക്കം കെ.എഫ്.ഡി.സി എസ്റ്റേറ്റുകളിൽ ജോലിചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.